Section

malabari-logo-mobile

ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും

HIGHLIGHTS : Complete vaccination will be conducted at tourism centers

തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തി സുരക്ഷിതമാക്കിയ ശേഷം തുറക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം, ആരോഗ്യ വകുപ്പുകൾ ഇതിനുള്ള നടപടികൾ ആരംഭിച്ചു.

വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിൽ ഏഴു ദിവസത്തിൽ നടപടികൾ പൂർത്തിയാക്കും. കുമകരത്തും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരേയും വാക്‌സിനേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിൻ നൽകേണ്ടവരുടെ ലിസ്റ്റ് ടൂറിസം വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറും. മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കോവളം, വർക്കല എന്നിവിടങ്ങളിലും സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തും. ഒരു ജില്ലയിലെ രണ്ടു ടൂറിസം കേന്ദ്രങ്ങളിലാവും ആദ്യം സമ്പൂർണ വാക്‌സിനേഷൻ നടത്തുക. ഇതിലൂടെ കേരളം സുരക്ഷിത ടൂറിസം പ്രദേശമാണെന്ന സന്ദേശം ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് നൽകാനാവുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

sameeksha-malabarinews

നിലവിലെ ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കുന്നതിനൊപ്പം സാധ്യതയുള്ള പുതിയ മേഖലകൾ കണ്ടെത്തി വികസിപ്പിക്കും. ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുന്ന പ്രദേശങ്ങൾ നിർദ്ദേശിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 15 ലക്ഷം പേർ ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് മൂലം ടൂറിസം മേഖലയിൽ വലിയ നഷ്ടമാണുണ്ടായതെന്നും ഇതിനെ മറികടക്കാനുള്ള പരിശ്രമത്തിലാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.
1,32,38,940 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും 1,39,46,338 പേർക്ക് വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ നാലു ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തുണ്ട്. പ്രതിദിനം കുറഞ്ഞത് രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ഇതിനായി കൂടുതൽ വാക്‌സിൻ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!