Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

HIGHLIGHTS : Complete lock down on Sunday in Malappuram district മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍ ക്ലിനിക്കില്‍ എത്തുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് മാത്രം രോഗികള്‍ എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. നിയമലംഘനം നടത്തുന്ന ക്ലിനിക്കുകള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങള്‍ രേഖപ്പെടുത്തണം. ഇവിടങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ഗര്‍ഭിണികളും 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അയല്‍ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. തേഞ്ഞിപ്പലം സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യം ഒരുക്കും. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്‌സ് കോളജില്‍ സജ്ജീകരിച്ച ആശുപത്രിയില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള തീവ്രരിചരണ വിഭാഗവും വ്യാഴാഴ്ച (ഓഗസ്റ്റ് 13) പ്രവര്‍ത്തന സജ്ജമാകും. ഇ.എം.എസ് നഴ്‌സിങ്ങ് ഹോസ്റ്റല്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇവിടെ ബുധനാഴ്ച (ഓഗസ്റ്റ് 12) മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. നിലമ്പൂര്‍ ഐ.ജി.എം.ആര്‍ ഹോസ്റ്റലിലെ സി.എഫ്.എല്‍.ടി.സി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാംരംഭിക്കും. ആവശ്യമെങ്കില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കോവിഡ് സ്‌ക്രീനിങിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കില്‍ രോഗികളെ ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പാലേമാട് വിവേകാനന്ദ സ്‌കൂള്‍ സി.എഫ്.എല്‍.ടി.സിയാക്കി മാറ്റും. ജില്ലയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്.

sameeksha-malabarinews

കണ്ടെയ്ന്‍മെന്റ് സോണ്‍: വിവാഹ ചടങ്ങുകള്‍ക്ക്
പാസ് തഹസില്‍ദാര്‍മാര്‍ നല്‍കും

കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരന്‍/ വധുവിനും സംഘത്തിനും എത്തിച്ചേരുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള പാസ് അനുവദിക്കുന്നതിനായി താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരന്‍/വധുവിന് എത്തിച്ചേരുന്നതിന് പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പാസ് അനുവദിക്കുന്നതിനായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്
പ്രാദേശികതലത്തില്‍ കോവിഡ് പരിശോധന

വിമാന അപകടത്തില്‍ സ്തുത്യര്‍ഹമായി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് അവരുടെ കോവിഡ് പരിശോധന നടത്തും. അപകടത്തില്‍ മരിച്ച ഒരാള്‍ക്കും ചികിത്സയിലുള്ള ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്തവരോട് ക്വാറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടിരുന്നു.

കടകള്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളും തട്ടുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രി ഒന്‍പത് വരെ പാഴ്സല്‍ നല്‍കാം.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, സബ്കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍ പുരുഷോത്തമന്‍ (ഡി.എം), ലത(എല്‍.എ), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. സണ്ണിചാക്കോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. രാജന്‍, എന്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ ഡോ.എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍, പി.എ.യു പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി.ടി ഗീത, ലോ ഓഫീസര്‍ ആകാശ് രവി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!