കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സുരക്ഷ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാജീവനക്കാന്‍ വള്ളിക്കുന്ന് സ്വദേശിയായ പതിനെട്ടാംവീട്ടില്‍ മണികണ്ഠന്‍(38)നെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.

കേസിനാസ്പദമായ സംഭവം നടന്നത് ജൂണ്‍ 29 നാണ്. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ അകത്തുള്ള നിർമ്മാണമേഖലയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ചിത്രം സുരക്ഷാ ജീവനക്കാരനായ മണികണ്ഠൻ പകർത്തിയിരുന്നു. ശേഷം കൂട്ടത്തിലുണ്ടായിരുന്ന പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ മൊബൈൽ നമ്പറും ഇയാൾ വാങ്ങി. ഇതിനു ശേഷമായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ക്യാമ്പസിനകത്തെ വിജനമായ ഒരിടത്തേക്ക് ഇയാൾ വിളിച്ചു വരുത്തിയത്. പിന്നീടായിരുന്നു പീഡനം. നേരത്തെ താൻ ചിത്രീകരിച്ച ഫോട്ടോ അശ്ലീല രീതിയിൽ എഡിറ്റ് ചെയ്തത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയുടെയും രക്ഷിതാക്കളുടേയും പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിമുക്ത ഭടനായ മണികണ്ഠന്‍ സര്‍വകലാശാല കരാര്‍ ജീവനക്കാരനാണ്. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top