ചേളാരി; പിതാവിന്റെ മൃതദേഹം കൊലപാതകമാണെന്ന മക്കളുടെ പരാതിയില്‍ വൃദ്ധന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. താഴെ ചേളാരി സ്വദേശി അസീസിന്റെ മൃതദേഹമാണ് മക്കളുടെ പരാതിയില്‍ ഖബര്‍ തുറന്നു പുറത്തെടുത്ത് പരിശോധിച്ചത്. അസീസിന്റെ സഹോദരനെതിരെയാണ് മക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ 31നാണ് ചേളാരി സ്വദേശി അബ്ദുള്‍ അസീസ് പെട്ടെന്നു മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചേളാരിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍, വിവരം മക്കളെയോ കുടുംബാംഗങ്ങളെയോ അറിയിക്കാതെ മൃതദേഹേവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും അസീസിന്റെ സഹോദരന്‍ നേരിട്ട് ഇടപെട്ട് നടത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.
അസീസും സഹോദരനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുസംബന്ധമായ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പലതവണ ഇരുവരും കയ്യാങ്കളി വരെയുണ്ടായതായും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അസീസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി സഹോദരന്‍ അപായപ്പെടുത്തിയതാകാമെന്നാണ് മക്കള്‍ ആരോപിക്കുന്നത്. പോരാത്തതിനു സ്വന്തം മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യാതെ മൃതദേഹം മറ്റൊരു മഹല്ലില്‍ സംസ്‌കരിച്ചതിനു പിന്നിലും ദുരൂഹതയുണ്ടെന്നു മക്കള്‍ ആരോപിക്കുന്നു
അസീസിന്റെ സഹോദരനും മകനുമെതിരെയാണ് മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. സ്വത്തല്ല തങ്ങള്‍ക്കു വിഷയമെന്നും പിതാവിന്റെ മരണത്തിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരലാണ് ലക്ഷ്യമെന്നും ബന്ധുക്കള്‍ അറിയിച്ചു. മക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ സൂരജ് ഷാജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്തു. താനൂര്‍ ഡിവൈഎസ്പി ഷാജി, തേഞ്ഞിപ്പലം പൊലീസ് എന്നിവരും മൃതദേഹം പുറത്തെടുത്ത് പരശോധന നടത്തുമ്പോള്‍ സ്ഥലത്തെത്തി.
ഒരുമാസം പഴക്കമുണ്ട് മൃതദേഹത്തിന്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.




