കൊച്ചി: ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഓഫിസില്‍ റെയ്ഡ് നടക്കുകയാണ്. സ്ത്രീയെ അപമാനിക്കല്‍, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും നന്ദകുമാറും ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നന്ദകുമാര്‍ ഇത് നിഷേധിച്ചിരുന്നു.




