മതസാഹോദര്യം നിലനിര്‍ത്താന്‍ കൂട്ടായ ഇടപെടലുകള്‍ വേണം ;മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിര്‍ത്താന്‍ കൂട്ടായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തീര്‍ത്ഥാടന ടൂറിസം വികസനത്തിന്റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു മതവും മനുഷ്യരെ തമ്മില്‍ അകറ്റുകയോ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നോ ഇല്ല. മനുഷ്യരായി നിലകൊള്ളാനും അപരന് കൈത്താങ്ങാവാനുമാണ് മതങ്ങള്‍ താത്പര്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഇത്തരം കേന്ദ്രങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കാനാണ് തീര്‍ത്ഥാടന ടൂറിസം പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ വലിയ സാധ്യതകളുണ്ടായി. അത് പ്രയോജനപ്പെടുത്തി കൂടുതല്‍ ചരിത്രാന്വേഷികളെയും വിദേശത്ത് നിന്നുള്‍പ്പെടെയുള്ള സഞ്ചാരികളെയും ആകര്‍ഷിക്കാനും നാടിന്റെ പൊതുവായ വികസനത്തിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരാധാനാലയങ്ങള്‍ നാടിന്റെ പൈതൃകം, കല, സംസ്‌കാരം തുടങ്ങിയവ നിലനിര്‍ത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇതിനകം വടകര ലോകനാര്‍കാവ്, മാലിക് ബിന്‍ ദീനാര്‍ മസ്ജിദ്, നല്ലൂര്‍ ശിവക്ഷേത്രം, തളി ക്ഷേത്രം, പുതിയമ്പലം ശ്രീ കണ്ഠേശ്വര ക്ഷേത്രം, സി.എസ്.ഐ ചര്‍ച്ച്, കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളി, പട്ടാള പള്ളി തുടങ്ങിയവ തീര്‍ത്ഥാടന പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി. ഇത്തരം വികസന പ്രവൃത്തികള്‍ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് വഴിവെക്കും. അവയുടെ പവിത്രതയും പ്രൗഢിയും സംരക്ഷിക്കാന്‍ കൂട്ടായി സാധിക്കണം. പഴമയുടെ തനിമ ചോരാതെയുള്ള വികസന പ്രവൃത്തികള്‍ക്കാണ് ഇത്തരം കേന്ദ്രങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

99.50 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വിശാലമായ ഗ്രീന്‍ റൂം സൗകര്യത്തോട് കൂടിയ ഓപ്പണ്‍ സ്റ്റേജ്, ആകര്‍ഷകമായ ഗേറ്റ് വേ, ചുറ്റുമതില്‍, സ്റ്റോണ്‍ പേവിങ് എന്നിവയാണ് ഒരുക്കിയത്.

ചടങ്ങില്‍ ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി. ദീപിക, കെ. വിനോദ് കുമാര്‍, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ദാസ്, ടി. രാധാഗോപി, വാളക്കട ബാബു, അഡ്വ. കെ.എം ഹനീഫ, വി. മോഹനന്‍ മാസ്റ്റര്‍, പി. മുരളീധരന്‍, കെ.ടി മുരളീധരന്‍, എം.എം മുസ്തഫ, അസ്ലം പുളിയാളി, ബഷീര്‍ പാണ്ടികശാല, ബാസിദ് ചേലകോട്ട്, കെ. ബീരാന്‍കുട്ടി, കെ. സുബ്രഹ്മണ്യന്‍, വിനോദ് കുമാര്‍ പറന്നാട്ടില്‍, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയന്റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍ ഓര്‍ക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ യു.എല്‍.സി.സിയുടെ ടി.പി രാധാകൃഷ്ണന്‍, പി.പി ജിതേഷ്, പ്രൊജക്ട് എഞ്ചിനീയര്‍ വി. അജേഷ്, പദ്ധതിയുടെ രൂപകല്പന നിര്‍വഹിച്ച ജിതിന്‍ പൊന്നേംപറമ്പത്ത്, അനുഷ്ഠാന തിറയാട്ട കലാസമിതി സാരഥി മുരളി വാഴയൂര്‍, ശില്‍പ്പി മുണ്ടോളത്തില്‍ കിളിയാടി ദേവദാസന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മയക്കുമരുന്നിനെതിരായ ബോധവത്കരണ ക്ലാസിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം. ഷിബു നേതൃത്വം നല്‍കി. യൂണിവേഴ്‌സിറ്റി കലാതിലകം സ്വാതിക സുമന്ത്, ജാന്‍വി മനോജ്, ആരാധ്യ സുരേഷ് എന്നിവരുടെ കുച്ചുപ്പുടിയും ഡാന്‍സ് ലവേഴ്സ് ഫറോക്കിന്റെ ഗോതൃനൃത്തവും ഗിരീഷ് കരുവന്‍തിരുത്തിയുടെ നേതൃത്വത്തിലുള്ള റിതംസ് ഓഫ് കാലിക്കറ്റിന്റെ കരോക്കെ ഗാനമേളയും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top