തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ്
ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി) തിരുവനന്തപുരം ചാക്കയില്‍ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഐ.എച്ച്.ആര്‍.ഡി നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എച്ച്.ആര്‍.ഡി ശക്തിപ്പെടേണ്ടത് നാടിന്റെയാകെ ആവശ്യമാണെന്നും ഐ.എച്ച്.ആര്‍.ഡി.യെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചാക്ക ബൈപാസ് ഹൈവേയ്ക്കു സമീപം സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് സ്ഥലത്ത് ഏഴുകോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രൂപകല്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചത്.
മേയര്‍ കെ.ശ്രീകുമാര്‍, ഡോ.ശശി തരൂര്‍ എം.പി, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.എ.അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് സ്വാഗതവും ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.




