Section

malabari-logo-mobile

അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : CM inaugurates five new fast track courts

തിരുവനന്തപുരം:ബലാത്സംഗ, പോക്സോ കേസുകൾ വേഗത്തിലാക്കാൻ സ്ഥാപിക്കുന്ന അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിട്ടുവീഴ്ചയില്ലാതെ കർക്കശമായി നേരിടുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗകേസുകളിൽ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീൽ നടപടികൾ ആറുമാസത്തിനകവും തീർപ്പാക്കണമെന്നാണ് 2018 ലെ ക്രിമിനൽ ഭേദഗതി നിയമം നിഷ്‌കർഷിക്കുന്നത്. പോക്സോ കേസുകളുടെ സമയപരിധി ഒരുവർഷമാണ്. എന്നാൽ ഇത്തരം കേസുകൾക്കായി പ്രത്യേകമായി നിയുക്തമാകുന്ന കോടതികൾ വേണ്ടത്ര ഇല്ലാത്തതിനാൽ രാജ്യത്ത് ഒരിടത്തും സമയപരിധിക്കുള്ളിൽ കേസുകൾ തീർപ്പാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര നിയമനീതി മന്ത്രാലയം സ്ത്രീസുരക്ഷാ മിഷൻ വഴി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ആരംഭിച്ചത്. ഇത്തരം കോടതികൾ ഓരോന്നും വഴി 165 കേസുകൾ വീതം വർഷം തീർപ്പാക്കണമെന്നാണ് പദ്ധതിയിലെ വ്യവസ്ഥ. സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശമാണ് സർക്കാർ രൂപപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരവും നിർദേശവും ലഭിച്ചതോടെ പുതിയ കോടതികൾ എവിടെയാകണമെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കേസുകളുടെ എണ്ണം, എത്തിച്ചേരാനുള്ള സൗകര്യം, അടിസ്ഥാനസൗകര്യ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് സ്ഥലങ്ങൾ നിശ്ചയിച്ചത്.
കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ചെലവഴിച്ചാണ് കോടതികൾ സ്ഥാപിക്കുക. ഒരു കോടതിയിൽ ഏഴ് സ്റ്റാഫ് അംഗങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെയ്യാറ്റിൻകര, ആലുവ, തിരൂർ, മഞ്ചേരി, ഹോസ്ദുർഗ ്എന്നിവിടങ്ങളിലാണ് പുതുതായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിച്ചത്. 17 കോടതികൾ നേരത്തെ ആരംഭിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!