ഇറാനിൽ കത്തിപ്പടർന്ന് ആഭ്യന്തര കലാപം; ട്രംപ് ഇടപെടണമെന്ന് റിസ പഹ്‌ലവി , ട്രംപിനെ പ്രീതിപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത് ഖമനേയി

ടെഹ്റാൻ: ഇറാനിൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്. ഇറാന്റെ കറൻസിയായ ‘റിയാൽ’ അമേരിക്കൻ ഡോളറിനെതിരെ പകുതിയിലേറെ ഇടിഞ്ഞതാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്ത് പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലാണ്.വിലക്കയറ്റ വിരുദ്ധ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറി. പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ട് പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ ഉത്തരവിട്ടു.

1979 ലെ ഇസ്ലാമിക വിപ്ലവത്ത തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിൻ്റെ മകൻ പ്രിൻസ് റേസാ പഹ്‌ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.രാജ്യത്ത് ഇന്റർനെറ്റും ആശയവിനിമയവും പുനഃസ്ഥാപിക്കാൻ യൂറോപ്യൻ രാജ്യങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപിനെ പ്രീതിപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നാണ് പ്രക്ഷോഭത്തോടുള്ള അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം.അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.

ചരിത്രത്തിലെ അഹങ്കാരികളായ ഭരണാധികാരികളായ ഫറവോയെയും നിമ്രോദിനെയും ഇറാനിലെ പഴയ രാജാവ് മുഹമ്മദ് റെസ പഹ്‌ലവിയെയും പോലെ ട്രംപും തകർന്നു വീഴുമെന്ന് ഖമേനി പറഞ്ഞു. ഇറാനിൽ നടക്കുന്ന അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിന്നിൽ അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.സബോട്ടേഴ്സിനെ കണ്ട് രാജ്യം പിന്നോട്ട് പോകില്ലെന്നും വിദേശികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂലിപ്പടയാളികളെ ഇറാന്റെ മണ്ണ് തിരസ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ പ്രതിഷേധക്കാരെ കായികമായി നേരിട്ടാല്‍ യുഎസ് ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് പരാമര്‍ശിച്ചാണ് പരമോന്നത നേതാവിന്റെ പ്രതികരണം. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്താൽ അമേരിക്ക കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top