അധ്യാപകർ കുട്ടികളുടെ സംരക്ഷകരാണെന്ന് ബാലവകാശ കമ്മീഷൻ

HIGHLIGHTS : Child Rights Commission says teachers are protectors of children

അധ്യാപകർ കുട്ടികളുടെ സംരക്ഷകരും കാവൽക്കാരുമാണെന്നും, ആ രീതിയിൽ സമൂഹത്തിൽ അധ്യാപകരുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നടപടിപ്പിഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് കമ്മീഷൻ ചെയ്യുന്നത്. ബാലാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അധ്യാപക പരിശീലനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യൽ എഞ്ചിനീയറിംഗിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് അധ്യാപകരാണ്. നാളത്തെ രാഷ്ട്ര പുനർനിർമാണത്തിന് ഉതകുന്ന അവബോധമുള്ള ജനതയെ സൃഷ്ടിക്കാൻ കുട്ടികളിൽ നിന്നും ആരംഭിക്കണം. സമൂഹത്തിലെ വിഷാശം അകറ്റാൻ കഴിയുന്നവരാണ് അധ്യാപകർ. കുട്ടികളെല്ലാം മോശക്കാരാണെന്ന് കരുതിയുള്ള സമീപനം അധ്യാപകർ സ്വീകരിക്കരുത്. മുതിർന്നവർ കാണിക്കുന്ന മാതൃകകളാണ് കുട്ടികൾ പകർത്തുന്നത്. കുട്ടികളെ ശരിയായ ദിശയിൽ നയിക്കേണ്ടുന്ന മാതൃകയാവണം അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകർക്ക് മേലുള്ള അമിതമായ ഉത്തരവാദിത്തങ്ങൾ കമ്മീഷൻ തിരിച്ചറിയുന്നു. കുടുംബശ്രീയുടെ തിരഞ്ഞെടുപ്പിന് പോലും അധ്യാപകരെ ഉത്തരവാദിത്തപ്പെടുത്തുന്ന സംവിധാനത്തിൽ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഇത്തരം ചുമതലകൾ അധ്യാപകരിൽ സമ്മർദ്ദം കൂട്ടുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾ കുട്ടികളിലേക്ക് നൽകുന്ന രീതിയിൽ എത്തരുത്. കുട്ടികളുമായി ബന്ധപ്പെട്ട ലഹരി, പോക്‌സോ കേസുകൾ ഉൾപ്പെട്ടതോ ആയ വിഷയങ്ങളിൽ അധ്യാപകർ സ്വയം ഇടപെടുന്നതിന് പകരം അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം സിസിലി ജോസഫ്, തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ സുജ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ 2660 സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളിലെ ഓരോ അധ്യാപകർക്ക് വീതം ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്ന പരിപാടിയുടെ സമാപനമാണ് തിരുവനന്തപുരത്ത് സെന്റ്‌റ് പിറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ഹാളിൽ നടന്നത്. പരിശീലനത്തിന്റെ ഒന്നാംഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിൽ കഴിഞ്ഞ ആഗസ്റ്റ് 11 മുതൽ 20വരെ സംഘടിപ്പിച്ചിരുന്നു. ഇടുക്കി എറണാകുളം ആലപ്പുഴ കോട്ടയം പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അധ്യാപകർക്ക്  സെപ്റ്റംബർ 22 ന് ആരംഭിച്ച പരിശീലനത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് പൂർത്തിയാകുന്നത്.

കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. കൗമാര പ്രായക്കാരായ കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനും പരിശിലനം ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച അധ്യാപകർ അവരുടെ സ്‌കൂളിലെ മറ്റ് അധ്യാപകരിലും 8 ,9, 10, ക്ലാസുകളിലെ കുട്ടികളിലും അവബോധം സൃഷ്ടിക്കും. ഡിസംബറോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ് ഹൈസ്‌കൂൾ കുട്ടികൾക്കും ഈ രീതിയിൽ പരിശീലനം നൽകുന്നതിനാണ് കമ്മീഷൻ ഉദേശിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!