പേരൂര്‍ക്കട: ഭാര്യ മറ്റൊരാളുടെ കൂടെ പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് കുടുംബസമേതം നടത്തിയ ആത്മഹത്യ ശ്രമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ കോട്ടപ്പുറത്തെ ഒരു വനിതാ ഹോസ്റ്റലില്‍ നിന്നാണ് അമ്മ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ശിനിയാഴ്ച തൃശൂരിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആത്മഹത്യാ പ്രേരണയ്ക്കാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ അച്ഛന്‍ രാജേഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് രാജേഷ് മൂന്ന് മക്കള്‍ക്കും അമ്മയ്ക്കും വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ദേവിക്ക് സഞ്ജു വി ദാസ് എന്ന ആളുമായുള്ള അടുപ്പമാണ് വീടുവിട്ടിറങ്ങാല്‍വരെ എത്തിച്ചതെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. കേസില്‍ സഞ്ജു വി ദാസും സുഹൃത്തുക്കളും പ്രതികളാണ്. അതെസമയം സഞ്ജു വി ദാസ് തന്റെ സുഹൃത്തുമാത്രമായിരുന്നെന്നും അത്തരത്തിലുള്ള അടുപ്പമില്ലായിരുന്നെന്നും ദേവി പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും ദേവി പോലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ദേവിയെ ഇവിടെ നിന്നും റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.




