
ഹരിത കേരള മിഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ പച്ചത്തുരുത്ത് പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം നേടി കടലുണ്ടി അഭിമാന നേട്ടം കൈവരിച്ചു.
ദേവഹരിതം വിഭാഗത്തില്‍ മണ്ണൂര്‍ ശിവക്ഷേത്രത്തിലെ പച്ചത്തുരുത്ത് ഒന്നാം സ്ഥാനവും കാവുകളുടെ വിഭാഗത്തില്‍ കടലുണ്ടി വടയില്‍കാവ് ഭഗവതി ക്ഷേത്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ല തലത്തില്‍ ഇരു ക്ഷേത്രങ്ങള്‍ക്കും ഒന്നാം സ്ഥാനവും ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മണ്ണൂര്‍ ശിവ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് പൂക്കാട്, ബോര്‍ഡ് അംഗം കെ.ദിനേശ് ബാബു എന്നിവരും വടയില്‍ കാവ് ക്ഷേത്ര ഭാരവാഹികളായ ചന്ദ്രശേഖരന്‍ അണ്ടിശ്ശേരി, ജ്യോതി അണ്ടിശ്ശേരി എന്നിവരും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക ജൈവ വൈവിധ്യം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്നപദ്ധതിയാണ് പച്ചത്തുരുത്ത്.
2019ലാണ് ഹരിത കേരളം മിഷന്റെ പദ്ധതിയില്‍ മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ തൈകള്‍ വെച്ചു പിടിപ്പിച്ചു തുടങ്ങിയത്. അന്നത്തെ ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയാണ് ഇതിന് തുടക്കം കുറിച്ചത്.
25 സെന്റില്‍ 55 ചെടികള്‍ വെച്ചു പിടിപ്പിച്ച് തുടങ്ങിയ പദ്ധതി പിന്നീട് 55 സെന്റിലേക്ക് വികസിപ്പിച്ചു. പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്നവയുള്‍പ്പെടെ
ഇരുന്നൂറിലധികം സസ്യങ്ങള്‍ ഇപ്പോള്‍ മണ്ണൂര്‍ ശിവ ക്ഷേത്രത്തിലെ ദേവഹരിതം പച്ചത്തുരുത്തിലുണ്ട്.
വ്യത്യസ്ത വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, ചെറു സസ്യങ്ങള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, ചെറു ജീവികള്‍ തുടങ്ങി ജൈവ വൈവിധ്യം നിറഞ്ഞ ആവാസ വ്യവസ്ഥക്കും ഹരിത വനം കാരണമായി.
ക്ഷേത്രത്തിന്റെ മികച്ച പരിപാലനവും ഭക്തജനങ്ങളുടെ സഹകരണവുമാണ് ഈ അംഗീകാരത്തിന് പ്രധാന കാരണമെന്ന് ക്ഷേത്രം അംഗവും മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. കരുണാകരനും ക്ഷേത്രം ശാന്തി വിനു മുല്ലപള്ളിയും പറഞ്ഞു.
?? 2020 ല്‍ 50 സെന്റ് സ്ഥലത്ത് 93 തൈകള്‍ നട്ടാണ് വടയില്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ പച്ചത്തുരത്ത് പദ്ധതിക്ക് തുടക്കമിട്ടത്.
കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പിന്നീട് കൂടുതല്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്.
ഇപ്പോള്‍ അപൂര്‍വ്വ സസ്യങ്ങളടക്കം മുന്നൂറോളം സസ്യങ്ങള്‍ വടയില്‍ കാവിലെ പച്ചത്തുരുത്തിലുണ്ട്.
കാവ് പരിപാലന സമിതിയാണ് സസ്യങ്ങള്‍ പരിപാലിച്ചു പോരുന്നത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളും പരിപാലനത്തില്‍ പങ്കാളികളാണ്.
ക്ഷേത്ര കമ്മിറ്റി,ഹരിത കേരളം മിഷന്‍, പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി, കോളേജുകളിലെ NSS യൂണിറ്റുകള്‍ എന്നിവയും പച്ചത്തുരുത്ത് സംരക്ഷണത്തില്‍ പങ്കാളികളായിരുന്നു.
എല്ലാ വര്‍ഷവും ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വടയില്‍ കാവ് ക്ഷേത്രത്തില്‍ ഭക്തര്‍ വൃക്ഷത്തെ സമര്‍പ്പണവും നടത്താറുണ്ട്.
ഭക്തര്‍ നടുന്ന വൃക്ഷത്തൈകള്‍ ക്ഷേത്ര പരിപാലന സമിതി പരിപാലിച്ചു പോരുന്നുണ്ട്.
ക്ഷേത്രത്തില്‍ സര്‍പ്പവനം – സ്വപ്ന വനം പദ്ധതി നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായി കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടു വരികയാണെന്നും ക്ഷേത്ര കമ്മറ്റി സെക്രട്ടറി അണ്ടിശ്ശേരി ചന്ദ്രശേഖരന്‍ പറഞ്ഞു.
കടലുണ്ടി റെയില്‍വെ സ്റ്റേഷനു കിഴക്കു ഭാഗത്ത് കടലുണ്ടിപ്പുഴയോട് ചേര്‍ന്നുള്ള വടയില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന
വരും, മണ്ണൂര്‍ നമ്പീശന്‍ പിടിക്ക് സമീപം ശാന്തവും പ്രകൃതി രമണീയുമായ മണ്ണൂര്‍ ശിവക്ഷേത്രത്തിലെത്തുന്നവരും ദേവീ ദേവന്‍മാരുടെ അനുഗ്രഹവും, വേരുകളും വള്ളികളും നിറഞ്ഞ് ഇടതൂര്‍ന്ന പച്ചപ്പിന്റെ മനോഹാരിതയും ഏറ്റുവാങ്ങി മനസ്സും ശരീരവും ശാന്തമാക്കിയാണ് മടങ്ങുന്നത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കടലുണ്ടി മണ്ണൂര്‍ ശിവ ക്ഷേത്രവും വടയില്‍ കാവ് ഭഗവതി ക്ഷേത്രവും പച്ചത്തുരുത്ത് പദ്ധതിയിലൂടെ ജൈവ വൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്ത് പുരസ്‌ക്കാരങ്ങള്‍ നേടുമ്പോള്‍ കടലുണ്ടിയെന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കൊച്ചു ഗ്രാമം ഏറെ ആഹ്ലാദത്തിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



