സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും

HIGHLIGHTS : Chief Minister to present State Environmental Friend Awards

cite

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍ ജൂണ്‍ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ചടങ്ങില്‍ ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍ കുമാര്‍, കേരള നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍, യുണിസെഫ് (ചെന്നൈ) സോഷ്യല്‍ പോളിസി വിഭാഗം ചീഫ് കെ എല്‍ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനീല്‍ പമിടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ടെക്‌നിക്കല്‍ സെഷനുകള്‍ നടക്കും.

പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികളേയും സംഘടനകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനാണ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഐ. ബി. സതീഷ് എം.എല്‍.എയ്ക്കാണ് പരിസ്ഥിതി സംരക്ഷക പുരസ്‌കാരം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി ദേവിക കെ.പിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരള സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ശാലോം ജ്ഞാന തങ്ക വി പരിസ്ഥിതി ഗവേഷക പുരസ്‌കാരത്തിനും പരിസ്ഥിതി മാധ്യമ പ്രവര്‍ത്തക പുരസ്‌കാരത്തിന് ദി ഹിന്ദു കൊച്ചി ബ്യൂറോ ചീഫ് കെ. എസ്. സുധിയും അര്‍ഹരായി. കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിനാണ് പരിസ്ഥിതിസംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരം. പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്‌കാരത്തിന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!