
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) പ്രദർശിപ്പിക്കേണ്ട 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി നിഷേധിക്കപ്പെട്ട എല്ലാ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
ഭിന്ന സ്വരങ്ങളെയും കലാപരമായ ആവിഷ്‌കാരങ്ങളെയും അടിച്ചമർത്താനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യപരമായ നീക്കമാണ് ഈ സെൻസർഷിപ്പിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. “ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്.അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി മേളയിലെ ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങുകയും ചൊവ്വാഴ്ചത്തെ പല പ്രദർശനങ്ങളും സംസ്ഥാന ചലച്ചിത്ര അക്കാദമി റദ്ദാക്കുകയും ചെയ്തിരുന്നു. വിദേശ സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള സെൻസറിങ് എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയപരമായ ഇടപെടലാണ് അനുമതി നിഷേധത്തിന് പിന്നിലെന്ന് ആരോപിച്ച് മേളയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അക്കാദമി അപേക്ഷ നൽകാൻ വൈകിയതാണ് അനുമതി വൈകാൻ കാരണമെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിശദീകരിച്ചപ്പോൾ, അക്കാദമി ഇത് നിഷേധിച്ചു. 187 സിനിമകൾക്ക് അപേക്ഷ നൽകിയതിൽ 150 എണ്ണത്തിന് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചു. എന്നാൽ മേള തുടങ്ങി നാലാം ദിവസമാണ് 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുന്ന അസാധാരണ നടപടിയുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് പ്രദർശനം മുടങ്ങിയ എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



