
സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നു.
പരസ്പരസ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്. സാമൂഹ്യനീതി, സമത്വം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരളസൃഷ്ടിക്ക് ഈ പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് – പുതുവത്സരാശംസകൾ.
സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിനാകെ വെളിച്ചം പകരുന്ന ക്രിസ്മസ് സന്ദേശത്തിൻറെ പ്രഭ കെടുത്തും വിധം ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അപലപനീയമാണ്. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ അക്രമം ഉണ്ടായി. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെയുള്ള സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചില സ്‌കൂളുകൾ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തും. ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാൻ കഴിയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



