ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

രാജ്യത്തിന്റെ 49ാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.

1957 നവംബര്‍ 9നു മഹാരാഷ്ട്രയില്‍ ആണ് ജസ്റ്റിസ് യു.യു ലളിത് ജനിച്ചത്. 1983 ല്‍ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1986 മുതല്‍ ഡല്‍ഹിയില്‍. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം 1992 വരെ പ്രവര്‍ത്തിച്ചു. 2004ല്‍ സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായി. 2014-ല്‍ സുപ്രിംകോടതി ജഡ്ജിയായി. ലളിതിന്റെ പിതാവ് ജസ്റ്റിസ് യു.ആര്‍. ലളിത് മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top