Section

malabari-logo-mobile

‘കങ്കാരു കോടതികള്‍’ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

HIGHLIGHTS : Chief Justice criticizes 'kangaroo courts' media

രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കങ്കാരു കോടതികളായി വിചാരണ നടത്തുകയാണെന്ന് എന്‍.വി.രമണ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളോട് ജഡ്ജിമാര്‍ പ്രതികരിക്കാത്തതിനെ ദൗര്‍ബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. റാഞ്ചി ഹൈക്കോടതിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്കൊപ്പം സുരക്ഷിതത്വം ഇല്ലാതെ ജഡ്ജിമാര്‍ക്കും കഴിയേണ്ടി വരുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ശേഷവും സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ യാതൊരു സംവിധാനവും ഇല്ലായെന്നും എന്‍.വി.രമണ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ചീഫ് ജസ്റ്റിന്റെ വാക്കുകള്‍:-

ടിവിയിലേയും സോഷ്യല്‍ മീഡിയയിലേയും കങ്കാരു കോടതികള്‍ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജഡ്ജിമാര്‍ പ്രതികരിക്കാതിരിക്കുന്നത് അവര്‍ ദുര്‍ബലരോ നിസ്സഹായരോ ആയതിനാലാണെന്ന് തെറ്റിദ്ധരിക്കരുത്.

നവമാധ്യമങ്ങള്‍ക്ക് അനന്തസാധ്യതകളാണുള്ളത്. എന്നാല്‍ ശരിയും തെറ്റും, നല്ലതും ചീത്തയും, വ്യാജവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനുള്ള യുക്തി പലപ്പോഴും അവിടെ കാണുന്നില്ല. മാധ്യമങ്ങള്‍ നടത്തുന്ന വിചാരണകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതികള്‍ കേസുകള്‍ തീര്‍പ്പാക്കുന്നത്. മാധ്യമങ്ങള്‍ നിത്യവും കങ്കാരു കോടതികള്‍ നടത്തുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഇവരുടെ കങ്കാരു കോടതികള്‍ കാരണം അനുഭവ സമ്പന്നരായ ന്യായാധിപന്‍മാര്‍ക്ക് പോലും സമ്മര്‍ദ്ദത്തിലാവുന്നു.

ഒരു വിഷയത്തില്‍ നീതി നിശ്ചയിക്കേണ്ടത് അതേക്കുറിച്ച് അറിവില്ലാത്തവരും ആ വിഷയത്തില്‍ ഒരു പ്രത്യേക താത്പര്യവും അജന്‍ഡയും ഉള്ളവരും നടത്തുന്ന സംവാദം അടിസ്ഥാനമാക്കിയല്ല. ആ രീതി രാജ്യത്തെ ജനാധിപത്യത്തിന് തന്നെ ഹാനികരമാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. നീതിന്യായ സംവിധാനത്തെ തന്നെ ഈ സംസ്‌കാരം ഗുരുതരമായി ബാധിക്കും. ജനാധിപത്യത്തോട് മാധ്യമങ്ങള്‍ക്ക് സവിശേഷമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ആ ചുമതല നിങ്ങള്‍ മറക്കുമ്പോള്‍ അവിടെ ജനാധിപത്യം തന്നെ രണ്ടടി പിന്നോട്ട് പോകും.

അച്ചടി മാധ്യമങ്ങള്‍ ഇപ്പോഴും ഒരു പരിധി വരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യമാധ്യങ്ങളിലും നവമാധ്യമങ്ങളിലും ഈ ഉത്തരവാദിത്തം തീരെയില്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങള്‍ പറയുകയും കാണിക്കുകയും ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയുടെ കാര്യം ഇതിലും കഷ്ടമാണ്.

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണത്തിന് തയ്യാറാവണം എന്നാണ് എനിക്ക് അവരോടുള്ള അഭ്യര്‍ത്ഥന. പറയുന്ന കാര്യങ്ങളില്‍ വ്യക്തതയും നിയന്ത്രണവും കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചാല്‍ നല്ലതാണ്. നവമാധ്യമങ്ങളും പൊതുവിഷയങ്ങളില്‍ ഉത്തരവാദിത്തോടെ പെരുമാറണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!