ഷെരീഫ
തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍ :-
ചിക്കന്‍ 1/2 kg
മൈദ 250 ഗ്രാം
മുട്ട 8 എണ്ണം
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
ഉള്ളി അരിഞ്ഞത് 4 എണ്ണം
പച്ചമുളക് അരിഞ്ഞത് 4 എണ്ണം
ഇഞ്ചി ചതച്ചത് ചെറിയ കഷ്ണം
മല്ലിയില അരിഞ്ഞത് ഒരു പിടി
കറിവേപ്പില അരിഞ്ഞത് 2 ഇതള്‍
നെയ്യ് 2 ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം 1 കപ്പ്
തയ്യാറാക്കുന്ന വിധം:-
ആദ്യം ഫില്ലിങ്ങിന് ഉള്ള ചിക്കന്‍ തയ്യാറാക്കാം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ് മഞ്ഞള്‍പ്പൊടി കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ചൂടാറിയതിനു ശേഷം ഫോര്‍ക്കോ മറ്റോ ഉപയോഗിച്ച് എല്ല് ഒഴിവാക്കുക. ശേഷം ചിക്കന്‍ പിച്ചിയെടുക്കുക.
ഇനി ലെയറിങ്ങിനുള്ള പത്തിരി തയ്യാറാക്കാം
മൈദ വെള്ളവും ഉപ്പും ചേര്‍ത്ത് ചപ്പാത്തി മാവ് രൂപത്തില്‍ കുഴച്ചെടുക്കുക. മാവ് ഉരുളകളാക്കി ചപ്പാത്തി രൂപത്തില്‍ മിനിമം 8 എണ്ണമെങ്കിലും പരത്തിയെടുക്കുക. ചട്ടി പത്തിരി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിന്റെ അതേ വട്ടത്തില്‍ വേണം ചപ്പാത്തി പരത്തി എടുക്കാന്‍. പരത്തി എടുത്തവ പാനിലിട്ട് 2 ഭാഗവും ഒന്ന് ചൂടാക്കിയെടുക്കുക. കുറഞ്ഞ സമയം ചൂടാക്കിയാല്‍ മതി കൂടുതല്‍ വെന്ത് പോവരുത്.
ഫില്ലിങ്ങ് തയ്യാറാക്കാം
ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്നവ ചേര്‍ത്ത് വഴറ്റുക. ശേഷം മുളകുപൊടി മഞ്ഞള്‍പൊടി ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ശേഷം പിച്ചിയെടുത്ത ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഡിപ്പിങ്
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് കുറച്ചു സമയം അടിച്ചെടുക്കുക.
ലെയറിങ്
കുക്കര്‍/ പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് നെയ്യ് ചേര്‍ത്ത് എല്ലാ ഭാഗത്തേക്കും ആവുന്ന വിധം ചുറ്റിച്ചെടുക്കുക. ഗ്യാസ് ഓഫ് ചെയ്ത് ചൂടാക്കി വച്ചിരിക്കുന്ന പത്തിരി തയ്യാറാക്കിയ മുട്ട മിശ്രിതത്തില്‍ മുക്കിയെടുത്ത് കുക്കറില്‍ പരത്തി വെക്കുക. അതിനുമുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിങ്ങ് ഒരു ലെയറായി നിരത്തി കൊടുക്കുക. വീണ്ടും മുമ്പത്തെപ്പോലെ പോലെ പത്തിരി മുട്ടയില്‍ മുക്കി പരത്തി വെച്ച് ഫില്ലിങ് നിറക്കുക. എട്ടാമത്തെ പത്തിരി വെച്ചശേഷം അതിനു മീതേ ബാക്കിയുള്ള മുട്ട മിശ്രിതം സൈഡ് ഭാഗമൊക്കെ കവര്‍ ചെയ്യുന്ന രൂപത്തില്‍
മുകളിലൂടെ ഒഴിക്കുക. കുക്കര്‍ ആണെങ്കില്‍ വിസില്‍ ഒഴിവാക്കി അടച്ച് 2 മിനുറ്റ് ഹൈ ഫ്‌ലെയിമിലും 20 മിനുറ്റ് ലോ ഫ്‌ലെയിമിലും വേവിക്കുക. തുറന്നു നോക്കുമ്പോള്‍ സൈഡ് ഭാഗമൊക്കെ വിട്ട് വന്നതായി കാണാം. വശങ്ങള്‍ ഒന്ന് ഇളക്കി കൊടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഷ്ണങ്ങളായി മുറിച്ച് ഉപയോഗിക്കാം.
ചിക്കന് പകരം ബീഫ് ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാം.




