ഇറച്ചിക്കായി വളര്‍ത്തുന്ന കോഴികളില്‍ തൂക്കം കൂട്ടുന്നതിനായി വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കേരളത്തില്‍ ഇറച്ചികോഴിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. വ്യാപകമായി ഇറച്ചികോഴികളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ ഇത് കഴിക്കുന്ന മനുഷ്യന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പക്ഷിപ്പനി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇത്തരത്തില്‍ കോഴിവില്‍പ്പന കുത്തനെ ഇടിഞ്ഞിരുന്നതാണ്. കേരളത്തില്‍ മൂന്നിലൊന്നായാണ് വില്‍പ്പന കുറഞ്ഞിരിക്കുന്നത്. ഇതോടെ ബീഫിനും, മീനിനും ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് സംസ്ഥാനത്ത് നിലവില്‍ സംവിധാനങ്ങളില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്ന് ലാബുകള്‍ മാത്രമാണുള്ളത്.
കേരളത്തിലെ ഉപഭോഗത്തിന്റെ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തുന്നതിനെ കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരും.




