Section

malabari-logo-mobile

ഭൂമി തരം മാറ്റം: അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കും; മന്ത്രി കെ. രാജന്‍

HIGHLIGHTS : Change of Land Type: Applications will be processed without delay; Minister K. Rajan

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. അഞ്ചു മാസത്തിനകം ജില്ലയില്‍ 10,000 പേര്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വിവിധ പരിപാടികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭുമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് തീര്‍പ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീര്‍പ്പാക്കുന്നുണ്ട്. 2022 ജനുവരി 31 വരെ ഓഫ്ലൈനായും ശേഷം ഓണ്‍ലൈനായുമാണ് തരംമാറ്റ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ 2,12,169 അപേക്ഷകളാണ് ഓഫ്ലൈനായി ലഭിച്ചത്. ഈ അപേക്ഷകളില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടിയുടെ ഫലമായി 96.41 ശതമാനവും തീര്‍പ്പാക്കിയിട്ടുണ്ട്. 7619 അപേക്ഷകള്‍ മാത്രമാണ് ഇനി ഓഫ്ലൈനായി തീര്‍പ്പാക്കാനുള്ളത്. 2,04,550 അപേക്ഷകള്‍ 2022 ഡിസംബര്‍ 31 നകം തീര്‍പ്പാക്കിയിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതിനായി 1.92 ലക്ഷം ഓണ്‍ലൈന്‍ അപേക്ഷകളാണ് നിലവിലുള്ളത്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കപ്പെടുന്നുമുണ്ട്. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ തിരൂര്‍, പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനകളിലായി 59 ക്ലര്‍ക്കുമാരെയും 21 സര്‍വ്വേയര്‍മാരെയും ഭൂമി തരംമാറ്റല്‍ ഫയലുകള്‍ തീര്‍പ്പാക്കാനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കായി 15 വാഹനങ്ങളും പ്രത്യേകം നല്‍കി. തിരൂരില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 2300 തരംമാറ്റം അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഓഫ് ലൈന്‍ അപേക്ഷകളില്‍ 843 അപക്ഷകള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. 7345 അപേക്ഷകള്‍ ഓണ്‍ലൈനായും ഉണ്ട്. ഈ മാസം 31 നകം ഓഫ്ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സബ്കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2022 ജൂണ്‍ മാസം വരെയുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ താഴെതട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമം ഭൂമിയെ അതിന്റെ സ്വാഭാവിക ഘടനയില്‍ നിലനിര്‍ത്താനായി ഉണ്ടാക്കിയിട്ടുള്ളതാണ്. അത് കൊണ്ടു തന്നെ നിയമപ്രകാരം തരംമാറ്റം നടത്തുമ്പോള്‍ നടപടിക്രമങ്ങള്‍ ഏറെയാണ്. വിവിധ വകുപ്പുകളിലൂടെ കടന്നു പോയി വേണം അപേക്ഷകളില്‍ തീരുമാനമെടുക്കാനെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് നല്‍കുന്ന സേവനങ്ങളില്‍ വേഗത കൈവരിക്കുന്നതിനായി വകുപ്പിന്റെ സംഘടനാ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംഘടനാ സ്വഭാവത്തില്‍ നിന്ന് ജനങ്ങള്‍ക്ക് അറിയാനും പറയാനും എല്ലാ ജീവനക്കാരെയും മുഖവിലക്കെടുക്കാനും കഴിയുന്ന നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്.

കോവിഡ് മഹാമാരിയുടെ തടസ്സങ്ങളുണ്ടായിട്ടു പോലും കഴിഞ്ഞ വര്‍ഷം 54,535 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. പട്ടയവിതരണത്തില്‍ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കായിരുന്നു. 8300 ലധികം പട്ടയങ്ങള്‍ കഴിഞ്ഞ വര്‍ഷം നല്‍കാനായി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികമാവുമ്പോഴേക്കും 10,000 പട്ടയങ്ങള്‍ കൂടി ജില്ലയില്‍ വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയില്‍ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ റവന്യു ഡിവിഷനില്‍ വിവിധ പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്ന 232 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷകളില്‍ 2 മാസത്തികം സര്‍വ്വേ പൂര്‍ത്തീകരിച്ചുിട്ടുണ്ട്.

നേരത്തെ വനാവകാശ നിയമപ്രകാരം ഭൂമി കൊടുക്കുകയും പ്രളയത്തില്‍ ആ ഭൂമി സമ്പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ജില്ലയിലെ പട്ടിക വര്‍ഗ കോളനി നിവാസികള്‍ക്കായി പ്രത്യേക ഊരു കൂട്ടയോഗം നടത്തിയിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കി ആ അപേക്ഷയുടെ പുറത്ത് കേന്ദ്ര സര്‍ക്കാറുമായി പ്രത്യേകം ചര്‍ച്ച നടത്തി പുതിയ നിയമഭേദഗതിക്കുള്ള ശ്രമം നടത്തി വരികയാണ്.

ജില്ലയില്‍ ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസനത്തനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്‍.എച്ച് 66 ന് ഭൂമി ഏറ്റെടുത്തപ്പോള്‍ പാലിച്ച അതേ നടപടിക്രമങ്ങള്‍ ഇവിടെയും പാലിച്ച് ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കും. എന്‍.എച്ച് 66 ന് ഏറ്റെടുക്കാനുണ്ടായിരുന്ന 1162 ഹെക്ടര്‍ ഭൂമിയില്‍ 1070 ഹെക്ടര്‍ ഏറ്റെടുത്തു ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. നഷ്ടപരിഹാരമായി 21,285 കോടി രൂപ ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. കോടതി കേസുകളില്‍ പെട്ട 12 ഹെക്ടര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കേസ് തീരുന്ന മുറയ്ക്ക് അതും ഏറ്റെടുത്ത് കൈമാറും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള 14.5 ഏക്കര്‍ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. സാമൂഹികാഘാത പഠനം നടത്താനായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്ന ഏജന്‍സിക്ക് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ കടന്നു കയറ്റം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, സബ്കളക്ടര്‍മാരായ ശ്രീധന്യ സുരേഷ് (പെരിന്തല്‍മണ്ണ), സച്ചിന്‍ കുമാര്‍ യാദവ് (തിരൂര്‍), അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി റെജില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!