ചന്ദ്രബോസ് വധ കേസ്; മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ തള്ളി; ജീവപര്യന്തം കഠിന തടവ് ശരിവെച്ച് കോടതി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ ഹൈക്കോടതി വിധി.  ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി  മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ജീവപര്യന്തം കഠിന തടവ് കോടതി ശരിവെച്ചു.

വധശിക്ഷ ആക്കി ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍ ജയ ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിഷാം 7 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 80.3 ലക്ഷം പിഴയും വിധിച്ചിരുന്നു.

2015 ജനുവരി 29 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. അന്ന്‌ പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക്‌ ഇരച്ചെത്തിയ മുഹമ്മദ്‌ നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിനെ ഇടിച്ചിട്ടത്‌. അരിശം തീരാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ്‌ ഫെബ്രുവരി 16 മരണപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top