HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുള...
തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും.
വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിതുര-പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കടയില്‍ കനത്ത മഴയില്‍ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി.
ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടര്‍ സ്പോട്ട് എന്ന കടല്‍ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തില്‍ ഉള്‍ക്കടലില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അന്‍പത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാര്‍ഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതല്‍ 15 മണിക്കൂര്‍ കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഒഡീഷയില്‍ 20 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിക്കാനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രിക്കും നാളെ പുലര്‍ച്ചെക്കുമിടയില്‍ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊല്‍ക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു