ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ആധുനിക മത്സ്യവില്‍പ്പന സ്റ്റാളുകള്‍, ഫിഷറീസ് ട്രെയിനിങ്-കം-റിഹാബ് കേന്ദ്രം, ഇ-സ്‌കൂട്ടര്‍ വിതരണം, കൃത്രിമ പാര്

HIGHLIGHTS : Chaliyam model fishing village project

ചാലിയം : ഏഴ് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 9 വിവിധ പദ്ധതികള്‍. പദ്ധതിക്ക് 7 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഇതുസംബന്ധിച്ച് തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

47 ലക്ഷം വകയിരുത്തിയ, ചാലിയം ഫിഷ് ലാന്‍ഡിംഗ് കേന്ദ്രത്തോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളുടെ വികസനമാണ് ആദ്യ പദ്ധതി. ഇവിടെ
ആധുനിക രീതിയില്‍ ഫ്രീസര്‍ യൂണിറ്റും ഡിസ്‌പ്ലേ റാക്കും ഉള്‍പ്പെടെയുള്ള മത്സ്യവില്‍പ്പന സ്റ്റാളുകള്‍ ഫിഷിങ് കണ്ടയിനറുകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കണ്ടയിനറിന് 9 ലക്ഷം രൂപ ചെലവില്‍ നാല് കണ്ടയിനറുകള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ മത്സ്യവിപണനത്തിന് 4 സ്‌കൂട്ടറുകളും നല്‍കും.

sameeksha-malabarinews

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടിയില്‍ 250.93 ലക്ഷം ചെലവില്‍ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷന്‍ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി. മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി ഫിഷ് വെന്റിംഗ് പദ്ധതിയാണ് മറ്റൊന്ന്. 84 ലക്ഷത്തിന്റെ പദ്ധതി സ്വയംസഹായ ഗ്രൂപ്പുകള്‍, സാഫ് ഗ്രൂപ്പുകള്‍ എന്നിവരെ ഉദ്ദേശിച്ചാണ്.

ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന്റെ അനുബന്ധ സ്ഥലത്ത് 29 ലക്ഷം രൂപ ചെലവില്‍ ബോട്ട് റിപ്പയര്‍ കേന്ദ്രം (ഔട്ട്ബോര്‍ഡ് മോട്ടോര്‍ റിപ്പയര്‍ കേന്ദ്രം) ആണ് അടുത്ത പദ്ധതി. നിലവില്‍ തിരൂരില്‍ പോയി വേണം ബോട്ട് അറ്റകുറ്റപ്പണി നടത്താന്‍.

ഐസ് ബോക്‌സ് സൗകര്യമുള്ള 50 ഇ-സ്‌കൂട്ടറുകള്‍ മത്സ്യതൊഴിലാളികള്‍ക്കും വനിതാ മത്സ്യതൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതാണ് വേറൊന്ന്. മത്സ്യഗ്രാമത്തിലെ 100 പേര്‍ക്ക് ഐസ് ബോക്‌സ് വിതരണം, തീരശോഷണം തടയാന്‍ പദ്ധതി, കൃത്രിമ പാര് നിര്‍മ്മാണം എന്നിവയാണ് ശേഷിച്ച പദ്ധതികള്‍.

കപ്പലങ്ങാടിയിലെ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പരിശീലനം, അത്യാവശ്യഘട്ടത്തില്‍ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കല്‍ എന്നിവയ്ക്ക് പുറമേ ഇത് മത്സ്യത്തൊഴിലാളികളുടെ സാംസ്‌കാരിക കേന്ദ്രമായും മാറ്റും.

മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികള്‍ക്കാണ് ഐസ് ബോക്‌സ് സൗകര്യമുള്ള ഇ-സ്‌കൂട്ടറുകളും ഐസ് ബോക്‌സുകളും വിതരണം ചെയ്യുക. ഈ പദ്ധതിയും ഉടന്‍ പ്രാവര്‍ത്തികമാക്കും.

തീരശോഷണം തടയാനുള്ള കോസ്റ്റല്‍ ബയോഷീല്‍ഡിങ് പദ്ധതിപ്രകാരം തീരത്ത് കണ്ടലോ കാറ്റാടിമരങ്ങളോ നട്ടുപിടിപ്പിക്കും. ചാലിയം മത്സ്യഗ്രാമം തീരത്തുനിന്ന് 10-15 മീറ്റര്‍ ദൂരത്താണ് കടലില്‍ കൃത്രിമ പാര് സൃഷ്ടിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉദ്ദേശിച്ച് ഇത്തരത്തില്‍ 150 പാരുകളാണ് നിര്‍മ്മിക്കുക. ആഴക്കടലില്‍ പോകാതെ തന്നെ ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പാര് ഉപകരിക്കും. കേരളത്തില്‍ മുമ്പ് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് കൃത്രിമ പാരുകള്‍ തീര്‍ത്തത്. ഈ പദ്ധതികള്‍ക്ക് പുറമെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചാലിയം, പുലിമുട്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന് അധികസ്ഥലം ഒരുക്കും. 106.70 ലക്ഷം രൂപയാ ണ് ചെലവ് കണക്കാക്കുന്നത്.

ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിക്കായി നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു. ചാലിയം ഹാര്‍ബറില്‍ പുറത്തുനിന്നുള്ളവരുടെ അനധികൃത പെട്ടിക്കടകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യും.

യോഗത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു പച്ചാട്ട്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, മത്സ്യഫഡ് ജില്ലാ മാനേജര്‍ ഇ മനോജ്, ഡിഎഫ്ഒ ആഷിക് അലി, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി ജയദീപ്, സി ആദര്‍ശ്, വില്ലേജ് ഓഫീസര്‍ പി കെ രേഖ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!