ലോകത്തെമ്പാടുമുളള കേരളീയരുടെ പൊതുവേദിയായ ലോക കേരള സഭയെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് ശിപാര്‍ശ ചെയ്ത് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ലോക കേരള സഭയുടെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് മുന്നോടിയായി വിശദവിവരങ്ങള്‍ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പാര്‍ലമെന്ററികാര്യ സ്ഥിരംസമിതിയുടെ ശിപാര്‍ശപ്രകാരമാണ് തീരുമാനം. ‘വിദേശത്തുള്ള ഇന്ത്യന്‍ പ്രവാസികള്‍ എന്‍.ആര്‍.ഐ, പി.ഐ.ഒ, ഒ.സി.ഐ, കുടിയേറ്റ തൊഴിലാളികള്‍: അവരുടെ സ്ഥിതിയും ക്ഷേമവും എമിഗ്രേഷന്‍ ബില്ലിന്റെ നിലയും’ എന്ന വിഷയത്തില്‍ 2025 ഏപ്രിലില്‍ സമര്‍പ്പിച്ച ആറാമത് റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. ലോകത്ത് മലയാളി എവിടെ ഉണ്ടോ അവിടെ എല്ലാം കേരളമുണ്ട് എന്ന വിശാല സങ്കല്പത്തിലാണ് ലോക കേരളസഭ എന്ന കൂട്ടായ്മ രൂപപ്പെട്ടതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സംവാദ ജനാധിപത്യത്തിന്റെ ശരിയായ മാതൃകകളില്‍ ഒന്നാണ് ലോക കേരള സഭ. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനുതകുന്ന പൊതുവേദി എന്ന നിലയില്‍ നവകേരള നിര്‍മ്മിതിക്ക് ലോക കേരളസഭ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ പാര്‍ലമെന്ററി സമിതി മുന്‍പാകെ നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകിയും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് കോളശേരിയും ഹാജരായി നോര്‍ക്കയുടെ പ്രവര്‍ത്തനം, ക്ഷേമപദ്ധതികള്‍, സുരക്ഷിത കുടിയേറ്റത്തിനായുളള നടപടികള്‍, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്നിവ സംബന്ധിച്ച് വിശദീകരിച്ചിരുന്നു. 2017 ല്‍ ആരംഭിച്ച ലോക കേരള സഭ ഇതുവരെ നാലു സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു. സഭയിലെ രാജ്യങ്ങളുടെ പ്രാതിനിധ്യം ഒന്നാം ലോക കേരള സഭയിലെ 35 രാജ്യങ്ങളില്‍ നിന്ന് വര്‍ധിച്ചു നാലാം സഭയില്‍ 105 രാജ്യങ്ങളില്‍ എത്തി നില്‍ക്കുന്നു. ലോകകേരള സഭയില്‍ പ്രവാസികേരളീയര്‍ ഉന്നയിച്ച നിരവധി കാര്യങ്ങള്‍ നടപ്പിലാക്കാനായതും പ്രവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുനല്‍കുന്നതായി. ലോകമെമ്പാടുമുളള പ്രവാസികേരളീയരെ ഒരുമിപ്പിക്കുന്നതിനായി കേരളസര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ ഇടമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്.



