
ന്യൂഡൽഹി : ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളുടെ അനധികൃത വിപണനം തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി ഡ്രഗ്‌സ് കൺ ട്രോളർ ഓഫ് ഇന്ത്യ. വിശപ്പ് നിയന്ത്രിച്ച് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജിഎൽപി-1 മരുന്നുകൾ വില കുറഞ്ഞ് അനുമതിയില്ലാതെ
വ്യാപകമായി ലഭ്യമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് യോഗ്യരായ എൻഡോക്രൈനോളജിസ്റ്റുകൾ, ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ എന്നിവർക്ക് മാത്രമാണ് ജിഎൽപി മരുന്ന് നൽകാൻ അനുമതിയുള്ളത്.
ഔഷധ വിതരണ ശൃംഖലയിൽ ധാർമികത ഉറപ്പാക്കാൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് നിരീക്ഷണവും പരിശോധനകളും ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡോക്‌ടറുടെ മെഡിക്കൽ ഉപദേശമില്ലാതെ മരുന്ന് കഴിച്ചാൽ സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മരുന്നുകളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതും അനധികൃത വിൽപ്പനയും സംഭരണവും വിലക്കി മാർച്ച് 10ന് ഉത്തരവിറക്കിയിരുന്നു. എഴുപത് ശതമാനം വിലക്കുറവിൽ നിർമാണ കമ്പനികൾ നിരവധി ജിഎൽപി-1 മരുന്ന് ബ്രാൻഡുകൾ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




