കൊച്ചി: വാളയാര്‍ കേസില്‍ അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിനാണ് 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതുവയസ്സുകാരിയെയും ഇതെവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 2017 മാര്‍ച്ച് ആറിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കേസിലെ ആദ്യ വിധി വന്നത് 2019 ഒക്ടോബര്‍ 9 നാണ്. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25 ന് മറ്റുപ്രതികളായ വി മധു, എം മധു , ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.



