കാവേരി നദീജല തര്‍ക്കം: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഹര്‍ത്താല്‍

ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാടിന് 5,000 ഘനയടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം. വിവിധ കര്‍ഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും കര്‍ണാടക സര്‍ക്കാരിന്റെ ജലം വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് മാണ്ഡ്യയില്‍ ബന്ദ് പ്രഖ്യാപിച്ചു. ബന്ദിന്റെ കൂടിയാലോചനകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേര്‍ന്നു.

മാണ്ഡ്യയിലെ സമരത്തില്‍ ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മലാനന്ദ സ്വാമി, മണ്ഡ്യ എം.പി സുമലതയുടെ മകന്‍ അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും. മാണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട് നേരിട്ടേക്കാനുള്ള സാധ്യതയുമുണ്ട്. ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കണമെന്നും തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നുമാണ് നിര്‍ദേശം. നഗരത്തിലെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബി. ദയാനന്ദ പറഞ്ഞു. മാണ്ഡ്യ വഴി പോകുന്ന ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Share news
error: Content is protected !!
Scroll to Top