Section

malabari-logo-mobile

ശസ്ത്രക്രിയ വൈകിയതിനാല്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; അന്വേഷണ വിധേയമായി രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : Case of death of a kidney transplant patient due to delay in surgery; Two doctors have been suspended pending further investigation

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്ടര്‍മാര്‍ അതിരാവിലെ അവിടേക്ക് പുറപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30 ഓടെ എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനിടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടായതായി ആശുപത്രി പരാതി ഉന്നയിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തുന്നതാണ്.

sameeksha-malabarinews

പകല്‍ 2.30ഓടെയാണ് മെഡിക്കല്‍ കോളേജിലെ ഒരു രോഗിക്ക് ഈ വൃക്ക യോജിക്കുന്നതാണെന്ന് അറിഞ്ഞത്. 4 മണിയോടെ ഓടെ രോഗിയെ ഡയാലിസിസിന് വിധേയമാക്കി. നാല് മണിക്കുറോളം ഡയാലിസിസിന് വേണ്ടി വന്നുവന്നു. അതിന് ശേഷം രോഗിയെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി രാത്രി 8.30 ഓടെ ശസ്ത്രക്രിയ നടത്തി. 8 മണിക്കുറോളം ശസ്ത്രക്രിയയ്‌ക്കെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ മാത്രമേ മരണ കാരണം അറിയാന്‍ സാധിക്കൂ.

സാധാരണക്കാരന് സഹായകമാകും വിധം അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടെണ്ണം വിജയിപ്പിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഇതിനായി സജ്ജമാക്കി വരുന്നു. ഇനിയിതുപോലെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!