സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നായിരുന്നു പരാതി.

മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പരാതിയില്‍ തൃശൂര്‍ എസിപി, അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൃശൂര്‍ പൊലീസ് മൊഴിയെടുക്കും.

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎന്‍എസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാമനിലയത്തില്‍വെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി, വീണ്ടും വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി രൂക്ഷമായി പെരുമാറിയത്. മുകേഷ് വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാല്‍ പ്രകോപിതനായി സിനിമാ സ്‌റ്റൈലില്‍ ഡയലോഗ് പറഞ്ഞ് പോകാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തില്‍ കണ്ടത്. അതേദിവസം രാവിലെ വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നുമൊക്കെ പറഞ്ഞാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top