
കൊച്ചി: ഒഎല്‍എക്‌സ് വഴി വാഹന വില്‍പ്പന നടത്തിയശേഷം ജിപിഎസിന്റെ സഹായത്തോടെ അതേ കാര്‍ തന്നെ കവര്‍ച്ച ചെയ്യുന്ന സംഘം കൊച്ചിയില്‍ പോലീസ് പിടിയില്‍. മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഫാസില്‍, വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി ശ്യം മോഹന്‍ എന്നിവരെയാണ് കൊച്ചി പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്.
ഒഎല്‍എക്‌സില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്ന് ഈ മാസം എട്ടിനാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പരാതിക്കാരന്‍ പ്രതികളെ ബന്ധപ്പെട്ടത്. ഹുണ്ടായ് വെര്‍ണ കാര്‍ വില്‍പ്പനയ്‌ക്കോ അല്ലെങ്കില്‍ പണയത്തിനോ എന്നായിരുന്നു പരസ്യം. വാഹനം ഇഷ്ടപ്പെട്ട നെടുമങ്ങാട് സ്വദേശി പണം നല്‍കി കോഴിക്കോട് നിന്ന് വാഹനം സ്വന്തമാക്കി. തിരുവനന്തപുരത്തേക്ക് മടങ്ങും വഴി പാലാരിവട്ടത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി തിരിച്ചിറങ്ങിയപ്പോള്‍ വാഹനം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്
കാര്‍ വില്പന നടത്തിയവര്‍ തന്നെയാണ് കാര്‍ മോഷ്ടിച്ചതെന്ന് പുറത്തുവന്നത്. കാറില്‍ ജിപിഎസ് ഘടിപ്പിച്ച വിറ്റ ശേഷം പ്രതികള്‍ പിന്തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പാലാരിവട്ടത്തെ ഹോട്ടല്‍ പരിസരത്തുനിന്ന് വാഹനവുമായി കടന്നു കളയുകയായിരുന്നു. ഇതേ കാര്‍ കഴിഞ്ഞ ജനുവരിയില്‍ പളളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം സമാനരീതിയില്‍ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വലിയ വിലക്കുറവിലാണ് ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നത്.
തട്ടിപ്പിനുപയോഗിച്ച കാര്‍ പ്രതികള്‍ പാലക്കാട് സ്വദേശിയില്‍ നിന്നാണ് വാങ്ങിയത്.





