കുറ്റിപ്പുറം കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 125 കോടി രൂപ

കോട്ടക്കല്‍: കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 125 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. ഭാരതപ്പുഴയില്‍ പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കുമ്പിടിയില്‍നിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറയ്ക്കും. പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം, തവനൂര്‍ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.

ഇതിന് പുറമെ രണ്ട് ജില്ലയിലെയും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനവും സാധ്യമാകും. ആഗസ്ത് നാലിന് കിഫ്ബി പദ്ധതി അവലോകനം ചെയ്യുന്നതിന് എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നിരന്തരമായി എം ബി രാജേഷ് നടത്തിയ ശ്രമമാണ് ഫലം കണ്ടത്. തൃത്താലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായി ഈ പാലം മാറുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും കാരണമാകും.

കാങ്കപ്പുഴയില്‍ പാലം വരികയെന്നത് കുമ്പിടി, ഉമ്മത്തൂര്‍ തുടങ്ങിയ പുഴയോര നിവാസികളുടെയെല്ലാം ആഗ്രഹമായിരുന്നു. കുമ്പിടിയില്‍നിന്ന് തൃക്കണാപുരംവഴി 10 കിലോമീറ്റര്‍ വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍. പുതിയ പാലം വരുന്നതോടെ നിലവില്‍ തോണിയെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സഹായമാകും. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹാരം കാണുന്നത്.

 

Share news
error: Content is protected !!
Scroll to Top