ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം കെ ഷമീം (35) എന്നിവരാണ് മരിച്ചത്. സജിത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു.
സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരിക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെരുന്നാള്‍ അവധി ആഘോഷത്തിനായി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറില്‍ നിന്നും മിസൈദിലെ സീലൈനിലേക്ക് രണ്ട് വാഹനങ്ങളിലായാണ് സുഹൃത്തുക്കള്‍ യാത്ര തിരിച്ചത്. സംഘത്തിലെ ഒരു വാഹനം മരുഭൂമിയിലെ ഓട്ടത്തിനിടയില്‍ കല്ലിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ എയര്‍ ആംബുലന്‍സില്‍ വക്റയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




