കാര്‍ അപകടം; ‘സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം അറിഞ്ഞെന്ന് ഗിന്നസ് പക്രു

തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തിരുവല്ലയില്‍വെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍നിന്നുവന്ന കാറിന്റെ പിന്‍വശത്തെ ടയറില്‍ ഇടിക്കുകയായിരുന്നു.

കാറപകടത്തില്‍ പരിക്കുകളില്ലെന്നും സുഖമായിരിക്കുന്നെന്നും സിനിമാ താരം ഗിന്നസ് പക്രു. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്‌ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്റ്‌സ് ഉടമ ടിജുവിനും നന്ദിയെന്നും പക്രു ഫേസ്ബുക്കില്‍ കുറിച്ചു. പ്രാര്‍ത്ഥിച്ചവര്‍ക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദിയറിയിച്ചു.

യാത്ര തുടരുകയാണെന്നും സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top