കനാൽ സിറ്റി യാഥാർഥ്യമാകും; കോഴിക്കോടിന് ലഭിച്ചത് പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സാഹിത്യ നഗരത്തിലെ പാട്ടൊലികൾക്ക് പുത്തൻ ഉണർന്ന് പകർന്ന് നവീകരിച്ച ടൗൺ ഹാൾ തുറന്നു നൽകി

കോഴിക്കോട് :സിറ്റി യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച വൈകീട്ട് നവീകരിച്ച ടൗൺ ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കനാൽ സിറ്റി ചരക്കു ഗതാഗതത്തിനും സഞ്ചാരത്തിനുമുള്ള പ്രധാന മാർഗ്ഗമായി മാറും. കോവളം മുതൽ ബേക്കൽ വരെയുള്ള ജലഗതാഗത പദ്ധതിക്ക് ഇതിനകം തന്നെ 1118 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. കോഴിക്കോട്ടെ വികസന പ്രവർത്തികൾ സംബന്ധിച്ച തൽപര കക്ഷികൾ നടത്തുന്ന കുപ്രചാരണങ്ങൾക്ക് തടയിടും. സംസ്ഥാന സർക്കാരും കോർപ്പറേഷനും ഒട്ടനവധി വികസന മാതൃകകളാണ് കോഴിക്കോട്ട് സാക്ഷാത്കരിച്ചിട്ടുള്ളത്. ഇതിനാവശ്യമായ പ്രചാരണം നൽകുകയും കുപ്രചാരണങ്ങൾക്കെതിരെ നിലയുറപ്പിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മെട്രോ പ്ലാനിംഗ് കമ്മിറ്റി രൂപീകരണം പുതിയ വർഷ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരവത്കരണത്തിൻ്റെ പ്രധാന ഗുണഭോക്താക്കൾ കോഴിക്കോട്ടുകാരാകും. കോർപറേഷൻ്റേത് കാലം തേടുന്ന ഉത്തരവാദിത്ത നിർവഹണമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതിയ കണക്കുകൾ പ്രകാരം വിദേശ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടമാണ് കോഴിക്കോടിൻ്റേത് എന്നും മന്ത്രി അറിയിച്ചു.

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൗൺഹാൾ വീണ്ടും തുറന്നു നൽകുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് നവീകരണ പ്രവർത്തികൾക്കായി ഹാൾ അടച്ചത്. നാലുവർഷത്തിന് ശേഷമാണ് ഇവിടെ അറ്റകുറ്റ പണികൾ നടത്തുന്നത്.

നവീകരിച്ച ടൗൺഹാളിലെ വേദി തടി കൊണ്ട് അലങ്കരിക്കുകയും ഇരുവശങ്ങളിലെയൂം കർട്ടനുകൾ മാറ്റി മരത്തിൻ്റെ പാളികളാക്കുകയും ചെയ്തു. പഴയ കസേരകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ചുമരിലെ ലൈറ്റുകൾ പുരാതന ശൈലിയിലുള്ളതാക്കി. വൈദ്യുതി വയറുകൾ മാറ്റി ഹാളും അനുബന്ധ കെട്ടിടങ്ങളും പെയിൻ്റടിക്കുകയും ചെയ്തു. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തികളുടെ ഭാഗമായി പൂർത്തിയാക്കി.

പൈതൃക സ്വഭാവം നിലനിർത്തി 30 ലക്ഷം രൂപയുടെ ചിലവിലാണ് നവീകരണ പ്രവർത്തികൾ നടത്തിയത്.

ചടങ്ങിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണകുമാരി, പി സി രാജൻ, ഒ പി ഷിജിന, എസ് ജയശ്രീ, പി കെ നാസർ, കൗൺസിലർ എസ്‌ കെ അബൂബക്കർ, മുൻ എംഎൽഎ എ പ്രദീകുമാർ, മുൻ മേയർ ടി പി ദാസൻ, തുടങ്ങിയവർ സംബന്ധിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് സ്വാഗതവും സൂപ്രണ്ടിങ് എഞ്ചിനീയർ ദിലീപ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top