
ജിദ്ദ : സൗദിയിൽ ഒട്ടകങ്ങൾക്ക് ഫോട്ടോകൾ പതിച്ച പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു. ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തി പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.
സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഒട്ടക മേഖലയെ നിയന്ത്രിക്കാനും തിരിച്ചറിയൽ രേഖകൾ നൽകാനും മേഖല വ്യവസ്ഥാപിതമാക്കാനും സേവന കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ വിപണികളിൽ അതിൻ്റെ വിശ്വാസ്യത വർധിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പ് എന്നോണമാണ് ഒട്ടകങ്ങൾക്ക് പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതി മന്ത്രാലയം നടപ്പാക്കുന്നത്.
കന്നുകാലി, മത്സ്യബന്ധന മേഖലാ വികസനത്തിനായുള്ള ദേശീയ പ്രോഗ്രാമിൻ്റെ ഭാഗമായി ഒട്ടക മേഖലയെ വികസിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഈ സുപ്രധാന മേഖലയെ സേവിക്കുന്നതിന് ഏകീകൃത ഡിജിറ്റൽ, നിയന്ത്രണ ഉപകരണങ്ങൾ നൽകുന്നതിൻ്റെ പ്രാധാന്യത്തിൽ നിന്നാണ് ഒട്ടകങ്ങൾക്കുള്ള പാസ്പോർട്ട് പദ്ധതി ഉരുത്തിരിഞ്ഞത്.
ഒട്ടക ഡാറ്റ, ഉടമസ്ഥാവകാശം, ഇനങ്ങൾ എന്നിവ രേഖപ്പെടുത്തുക, പരിശോധിച്ചുറപ്പിച്ച ആരോഗ്യ, നിയന്ത്രണ വിവരങ്ങളുമായി അവയെ ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒട്ടകങ്ങൾക്കുള്ള പാസ്പോർട്ട് ഔദ്യോഗികവും അംഗീകൃതവുമായ റഫറൻസായി പ്രവർത്തിക്കും. ഇത് മെച്ചപ്പെട്ട സേവന കാര്യക്ഷമത, ഇടപാട് വിശ്വാസ്യത, ഫലപ്രദമായ വെറ്ററിനറി, നിയന്ത്രണ പ്രതികരണം എന്നിവക്ക് സഹായിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



