കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സൗഹൃദവും സുരക്ഷിതവുമായ കാമ്പസാണ് ലക്ഷ്യം- ഡോ. പി. രവീന്ദ്രന്‍

സൗഹൃദവും സുരക്ഷിതവുമായ കാമ്പസാണ് ലക്ഷ്യം- ഡോ. പി. രവീന്ദ്രന്‍

വെറുപ്പും അക്രമവുമില്ലാത്ത വിദ്യാര്‍ഥി സൗഹൃദവും സുരക്ഷിതവുമായ അന്തരീക്ഷമുള്ള കാമ്പസാക്കി കാലിക്കറ്റ് സര്‍വകലാശാലയെ മാറ്റുന്നതിനാണ് പ്രഥമപരിഗണനയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. വി.സി. ആയി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അക്കാദമിക അന്തരീക്ഷം തകര്‍ക്കും. അക്രമരാഷ്ട്രീയം എന്ന പ്രയോഗം തന്നെ തെറ്റാണ്. അക്രമത്തില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ അക്രമവും ഇല്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ കാമ്പസില്‍ നിന്ന് പുറത്താക്കണം. കാമ്പസ് പരിസരത്തെ ലഹരിവിരുദ്ധമാക്കുന്നതിന് പോലീസുമായും എക്‌സൈസുമായും സഹകരിച്ച് കര്‍ശനനടപടികള്‍ തുടരും. സുരക്ഷയുടെ ഭാഗമായി കാമ്പസിന് ചുറ്റുമതില്‍ നിര്‍മിക്കും. ഏതുവഴിയിലൂടെയും കാമ്പസില്‍ പ്രവേശിക്കാമന്ന അവസ്ഥ മാറണം. ആദ്യ ഘട്ടത്തില്‍ പ്രധാന കാമ്പസിന് പരിഗണന നല്‍കും. ഗുണനിലവാരമുള്ളതും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസമാണ് സമൂഹം ആഗ്രഹിക്കുന്നത്. അത് നല്‍കാനായില്ലെങ്കില്‍ സര്‍വകലാശാല പിന്തള്ളപ്പെടും. രാഷട്രീയമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവര്‍ കാമ്പസിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. പി.എം. ഉഷ, ഡി.എസ്.ടി. പഴ്‌സ് തുടങ്ങിയ പദ്ധതികള്‍ വഴി ഗവേഷണ പദ്ധതികള്‍ സര്‍വകലാശാലാ പഠനവകുപ്പുകളില്‍ നടക്കുന്നുണ്ട്. അടുത്ത നാലുവര്‍ഷത്തിനകം ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയിലേറെ വ്യക്തിഗത ഗവേഷണ പദ്ധതികള്‍ ഉണ്ടാക്കുന്നതിന് അനുകൂലസാഹചര്യമുണ്ടാക്കും. കിഫ്ബി വഴിയുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളും പുരോഗമിക്കുകയാണെന്നും ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

കാലിക്കറ്റിൽ നാല് പി.ജി. പ്രോഗ്രാമുകൾ ഓൺലൈനായി ഉടൻ തുടങ്ങും

കാലിക്കറ്റ് സർവകലാശാലയിൽ 2026 ഫെബ്രുവരി മുതൽ ഓൺലൈനായി എം.എ. സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ യു.ജി.സി. അനുമതി നൽകി. മാർച്ച് 31-ന് മുൻപ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാനാണ് യു.ജി.സി. അറിയിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ ഉടൻ തുടങ്ങുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. വിദേശത്തുള്ളവർക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാവുന്ന രീതിയിലായിരിക്കും പ്രോഗ്രാമുകൾ ആരംഭിക്കുക. യു.ജി.സി. നിബന്ധനകൾക്ക് വിധേയമായി റഗുലർ പ്രോഗ്രാമിന് തുല്യമാവും ഇത്. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. ഇന്റേണൽ എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള ലേണിങ് സപ്പോർട്ട് സെന്ററിലോ അഫിലിയേറ്റഡ് കോളേജുകളിലോ വന്ന് എഴുതാവുന്നതാണ് ആദ്യ സ്‌കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്‌കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കീമിൽ പഠിക്കാം.

കാലിക്കറ്റില്‍ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം 29 മുതല്‍

സര്‍വകലാശാല പൊതുജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ‘ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് ‘ സൗജന്യ പ്രദര്‍ശനം 2026 ജനുവരി 29 മുതല്‍ 31 വരെ കാമ്പസില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാലയുടെ അക്കാദമിക മികവ്, ഗവേഷണ സൗകര്യങ്ങള്‍, നൂതനാശയങ്ങള്‍, കാമ്പസ് പരിസ്ഥിതി എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാമത്തെ എഡിഷനാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, മത്സരങ്ങള്‍ എന്നിവയിലൂടെ പരിപാടിയുടെ ഭാഗമാകും. ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, കായികം, സംസ്‌കാരം, ചരിത്രം തുടങ്ങി സര്‍വകലാശാലയില്‍ ലഭ്യമായ അക്കാദമിക സാധ്യതകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടും. സര്‍വകലാശാലാ സസ്യോദ്യാനം, പാര്‍ക്ക് എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രവേശനമുണ്ടാകും. പൊതുജനങ്ങള്‍ക്കായി വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രസംഗം, ഉപന്യാസം, ക്വിസ്, ഫോട്ടോഗ്രഫി, റീല്‍സ് നിര്‍മാണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍വകലാശാല നടത്തുന്ന അക്കാദമിക പ്രോഗ്രാമുകള്‍, പ്രവേശന നടപടികള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാകും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം. എന്‍.ഐ.ടി. കാലിക്കറ്റ്, ഇംഹാന്‍സ് കാലിക്കറ്റ്, കേരള പോലീസ് അക്കാദമി, എന്‍.ഐ.ഇ.എല്‍.ഐ.ടി. കാലിക്കറ്റ്, ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്, റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനറ്റേറിയം, ഐ.സി.എ.ആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, സി.ഡബ്ല്യൂ.ആര്‍.ഡി.എം., മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇ ന്‍സ്റ്റിറ്റ്യൂട്ട് ( KFRI ), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( CMFRI ), സി – മെറ്റ് തൃശ്ശൂര്‍, കിര്‍ത്താര്‍ഡ്സ് തുടങ്ങിയ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളും ദേശീയ പ്രാധാന്യമുള്ള ഗവേഷണ കേന്ദ്രങ്ങളും പ്രത്യേക പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കുന്നതിനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു അക്കാദമിക് അനുഭവമായി ശാസ്ത്രയാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും വൈസ് ചാൻസിലർ പറഞ്ഞു. പരിപാടി ജനുവരി 29-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ക്യാമ്പസിലെ ആര്യഭട്ടഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തിനെത്തുന്ന കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ അറിയാനും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലിങ്ക് ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ശാസ്ത്രയാന്‍ കോ-ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് എന്നിവരും പങ്കെടുത്തു.

കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പിൽ ബിസിനസ്‌ ക്വിസ്

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന ശാസ്ത്രയാൻ ഓപ്പൺ ഹൗസ് 2025 – 26-ന്റെ ഭാഗമായി കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ് സർവകലാശാലക്ക് കീഴിലെ വിദ്യാർഥികൾക്കായി ബിസിനസ്‌ ക്വിസ് സംഘടിപ്പിക്കുന്നു. ജനുവരി 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് സെമിനാർ ഹാളിലാണ് മത്സരം. പഠനവകുപ്പുകളിലെയും കോളേജുകളിലെയും ബിരുദ – പി.ജി. വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 26-നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9496831659.

ഭക്ഷ്യ സംസ്കരണം ‘ തൊഴിൽപരിശീലന ക്ലാസ് സമാപിച്ചു

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പ് സംഘടിപ്പിച്ച 10 ദിവസത്തെ തൊഴിൽപരിശീലന ക്ലാസ് സമാപിച്ചു. ‘ ഭക്ഷ്യ സംസ്കരണം ‘ എന്ന വിഷയത്തിലായിരുന്നു പരിശീലനം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 25 പേർ പരിശീലനപരിപാടിയിൽ പങ്കെടുത്തു. വകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത സമാപനച്ചടങ്ങിന്റെ ഉദ്‌ഘാടനവും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. പരിശീലകൻ പ്രിയംവദൻ, കോ – ഓർഡിനേറ്റർ കെ.കെ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കോഴ്സ് പൂർത്തിയാക്കിയവർ ഉണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

പൊസിഷൻ സർട്ടിഫിക്കറ്റ്

ബി.കോം., ബി.ബി.എ., ബി.എച്ച്.എ. ( CBCSS – UG ) 2022 പ്രവേശനം AW സീരീസ് വിദ്യാർഥികളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച രസീത് സഹിതം ബി.കോം. വിഭാഗത്തിൽ അപേക്ഷിക്കണം. ഫീസ് : 320/- രൂപ. (തപാൽ ചാർജ് : 50/- രൂപ).

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. – സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി ( CCSS – 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top