Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാമ്പസ് സമൂഹത്തോട് നന്ദി പറഞ്ഞ് വി.സി. 

HIGHLIGHTS : Calicut University News; Thanking the campus community, V.C.

കാമ്പസ് സമൂഹത്തോട് നന്ദി പറഞ്ഞ് വി.സി. 

കാലിക്കറ്റ് സര്‍വകലാശാലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഉണ്ടായ വികസന നേട്ടങ്ങൾക്ക് കൂടെ നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിടുക്കരായ അധ്യാപകരെ നിയമിക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. താളം തെറ്റിയ പരീക്ഷകള്‍ നേരെയാക്കാനും അതിവേഗം ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞത് സര്‍വകലാശാലയുടെ മൊത്തം നേട്ടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കാര്യങ്ങളെ വിലയിരുത്താന്‍ അത് സഹായിക്കുമെന്നും ഡോ. ജയരാജ് പറഞ്ഞു.

sameeksha-malabarinews

ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോടിനെ സാഹിത്യനഗരമാക്കിയ യുനെസ്‌കോ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ സഹകരണം ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു.

സര്‍വകലാശാലക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും അതിനായി അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പറഞ്ഞു.

രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നനൻ സ്വാഗതം പറഞ്ഞു. കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതാ കുമാരി, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, അഡ്വ. എൽ.ജി. ലിജീഷ്, ടി.ജെ. മാർട്ടിൻ, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, അഡ്വ. പി.കെ. ഖലീമുദ്ധീൻ, സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.സി. ശശിധരൻ, മുൻ സിൻഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഡീൻ ഡോ. എ.ബി. മൊയിതീൻകുട്ടി, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, ഇ.എം.എം.ആർ.സി. ഡയറക്ടർ ഡി. ദാമോദർ പ്രസാദ്, സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി, ഡി.എസ്.യു. ചെയർമാൻ ജോബിഷ്, ഗവേഷക വിദ്യാർഥികളുടെ പ്രതിനിധി മുനവർ, അധ്യപക – അനധ്യപക സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, വി.എസ്. നിഖിൽ, പുരുഷോത്തമൻ, സ്റ്റാഫ് വെൽഫയർ ഫണ്ട് ഡയറക്ടർ ഡോ. പ്രമോദ് കൊവ്വപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.

ബി.എഡ്. സെന്ററിൽ  അധ്യപക നിയമനം

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( CUTEC ) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അറബിക് തസ്തികയിൽ ഒരൊഴിവ് ഉണ്ട്. അഭിമുഖത്തിന് ജൂലൈ 15 – ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകാണം. ഫോൺ: 9447074350, 9447234113.

മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലശലാ ബി.എഡ്. സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് ( മ്യൂസിക് / ഡാൻസ് / ഡ്രാമ ) എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക നിയമനത്തിന് യോഗാ പരിശീലന യോഗ്യത അഭികാമ്യം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളുമായി ജൂലൈ 17 – ന് രാവിലെ 11 മണിക്ക് മഞ്ചേരി ചെരണിയിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 9447120120.

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികൾ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതുതായി കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനുമുള്ള സൗകര്യം ജൂലൈ 11 മുതൽ 15 വരെ ലഭ്യമാകും. ഫസ്റ്റ് ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തലിനുള്ള സൗകര്യം ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തു പോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ജൂലൈ 11 മുതൽ 15 വരെ ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

ഡെസർട്ടേഷൻ സമർപ്പണം

നാലാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS) ജൂലൈ 2024 പരീക്ഷയുടെ ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29.

വൈവ

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.കോം. ( SDE – CBCSS ) ഏപ്രിൽ 2024 വൈവ നടത്തപ്പെടുന്ന ജില്ല, കേന്ദ്രം, തീയതിൽ എന്നിവ ക്രമത്തിൽ. (1) തൃശ്ശൂർ – ശ്രീ. സി. അച്യുത മേനോൻ ഗവ കോളേജ് – ജൂലൈ 18, 20. (2) പാലക്കാട് – എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പി – ജൂലൈ 18. (3) മലപ്പുറം – എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി – ജൂലൈ 20, 21. (4) വയനാട് ഡബ്ല്യൂ..എം.ഒ. കോളേജ് മുട്ടിൽ – ജൂലൈ 23. (5) കോഴിക്കോട് – ഗവ കോളേജ് മടപ്പള്ളി – ജൂലൈ 20, 27.

തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 15, 17, 18, 19 തീയതികളിയിൽ നടക്കും. കേന്ദ്രം : പഴഞ്ഞി എം.ഡി. കോളേജ് തൃശ്ശൂർ. കോഴിക്കോട്, മലപ്പുറം, വായനാട് ജില്ലകളിലെ വിദ്യാർഥികൾക്കായുള്ള വൈവ ജൂലൈ 17, 18, 19 തീയതികളിലും നടക്കും. കേന്ദ്രം : ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്.

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, സാഹിത്യ) ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 19-ന് നടക്കും. കേന്ദ്രം : എസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി.

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 17-ന് തുടങ്ങും. കേന്ദ്രം : പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ കാമ്പസ്.

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 18-ന് തുടങ്ങും. കേന്ദ്രം : കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരി.

നാലാം സെമസ്റ്റർ എം.ടി.എച്ച്.എം. ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവയും ജൂലൈ 12-ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. ആർട്സ് ആന്റ് സയൻസ് കോളേജ് പെരിന്തൽമണ്ണ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ ( CUCSS ) എം.സി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.ടെക്. ( 2004 സ്‌കീം – 2004 മുതൽ 2008 വരെ പ്രവേശനം ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!