Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പുതിയ കോഴ്സുകള്‍ക്ക് സിന്‍ഡിക്കേറ്റ് അനുമതി

HIGHLIGHTS : Calicut University News; Syndicate approval for new courses

sameeksha-malabarinews
ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്മെന്റ് സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്മെന്റ് സ്റ്റഡീസ് പ്രവേശനം 22-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. അറിയിപ്പു ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 0494 2407345, 7337.

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ കോഴ്സുകള്‍ക്ക് സിന്‍ഡിക്കേറ്റ് അനുമതി

കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്രയിലുള്ള കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്സുകള്‍ 2022-23 അധ്യയനവര്‍ഷം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത് ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ. എന്നിവയാണ് കോഴ്സുകള്‍.
സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴി ഓണ്‍ലൈനായി മൂന്ന് ബിരുദ കോഴ്സുകളും ഏഴ് പി.ജി. കോഴ്സുകളും തുടങ്ങുന്നതിന് യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, എം.കോം., എം.എസ് സി. മാത്സ്, എം.എ. വിമന്‍ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്സ്, എം.എ. അറബിക്, എം.എ. സോഷ്യോളജി എന്നിവയാണ് ഓണ്‍ലൈനില്‍ തുടങ്ങാനുദ്ദേശിക്കുന്നത്.
സര്‍വകലാശാലാ കായികപഠനവകുപ്പില്‍ സ്പെഷ്യലൈസേഷന്‍ കോഴ്സുകളായി എം.എസ് സി. സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് കോച്ചിങ്, എം.എസ് സി. സ്പോര്‍ട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി തേടാനും തീരുമാനിച്ചു.

മറ്റു തീരുമാനങ്ങള്‍

ജോലിയുടെ ഭാഗമായി നോക്കേണ്ടതില്‍ കൂടുതലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്ന ഗസ്റ്റ് അധ്യാപകര്‍ക്ക് സര്‍വകലാശാലാ ഫണ്ടില്‍ നിന്ന് പ്രതിഫലം നല്‍കും.

സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കായി 50 സൈക്കിളുകള്‍ വാങ്ങും.

കാമ്പസില്‍ 25 താത്കാലിക വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കും.

കായിക പഠനവിഭാഗത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ താത്കാലിക നിയമനം നടത്തും.

സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റി വിഭാഗത്തില്‍ ഗവേഷണം നടത്താന്‍ ആറുമാസത്തെ അവധി അനുവദിച്ചു. കോവിഡാനന്തര അണുബാധയെക്കുറിച്ചുള്ള ഗവേഷണത്തിനായി കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡ് ഫെലോഷിപ്പ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വര്‍ധിപ്പിച്ചു.

ഉത്തരക്കടലാസ് കാണാതാകല്‍; പോലീസില്‍ പരാതി നല്‍കും

സര്‍വകലാശാലാ പരീക്ഷാഭവനില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായത് മോഷണമായി പരിഗണിച്ച് പോലീസില്‍ പരാതി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. 2020 ബാച്ച് ഒന്നാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ഥികളുടെ 200 ഉത്തരക്കടലാസുകളാണ് കാണാതായത്.
ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരീക്ഷാഭവനില്‍ സുരക്ഷ കര്‍ശനമാക്കും. ഔദ്യോഗിക കൃത്യനിര്‍വഹണ മേഖലകളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും. ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് റിപ്പോര്‍ട്ട് തേടാനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാനും വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ പഠിക്കാനായി നിയോഗിച്ച സമിതിയില്‍ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍ എന്നിവരാണ് അംഗങ്ങള്‍.

‘ മാക ‘ ട്രോഫി റാങ്കിങ്ങില്‍ മുന്നേറ്റം പ്രതീക്ഷിച്ച് കാലിക്കറ്റ്

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് തയ്യാറാക്കുന്ന ‘ മാക’ ട്രോഫി റാങ്കുപട്ടികയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഈ സീസണില്‍ ഒമ്പത് അഖിലേന്ത്യാ കിരീടങ്ങളും ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ച വെച്ച പ്രകടനങ്ങളുമാണ് കാലിക്കറ്റിന് കുതിപ്പാകുക.
ഹാന്‍ഡ്ബോള്‍, വാട്ടര്‍പോളോ തുടങ്ങിയ അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിഞ്ഞത് സര്‍വകലാശാലയുടെ നേട്ടമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
നിലവില്‍ മൗലാന അബുള്‍ കലാം ആസാദ് (മാക) ട്രോഫി റാങ്കിങ്ങില്‍ കാലിക്കറ്റ് അഞ്ചാം സ്ഥാനത്താണ്. ഇത് മൂന്നിലേക്ക് മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ പുരുഷവിഭാഗം ഫുട്ബോള്‍, വോളിബോള്‍, ഹാന്‍ഡ് ബോള്‍, സോഫ്റ്റ് ബോള്‍, വാട്ടര്‍ പോളോ എന്നിവയിലും വനിതാ വിഭാഗം ബേസ് ബോള്‍, വടംവലി, സോഫ്റ്റ് ബേസ് ബോള്‍ എന്നിവയിലും മിക്സഡ് വിഭാഗം വടംവലിയിലും കാലിക്കറ്റാണ് ചാമ്പ്യന്മാര്‍.
വനിതാവിഭാഗം നെറ്റ്ബോള്‍, അത്ലറ്റിക്സ്, ഭാരോദ്വഹനം, സോഫ്റ്റ് ബോള്‍, വടംവലി (ഇന്‍ഡോര്‍), പുരുഷ വിഭാഗം നെറ്റ് ബോള്‍, റഗ്ബി, മിക്സഡ് കോര്‍ഫ്ബോള്‍ എന്നീ ഇനങ്ങളില്‍ റണ്ണേഴ്സപ്പുമായി. ഏഴ് ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടി. അത്ലറ്റിക്സിന് പുറമെ കരാട്ടെ, ജൂഡോ, തയ്ക്കോണ്ട്വോ, അമ്പെയ്ത്ത്, വുഷു തുടങ്ങിയ ഇനങ്ങളില്‍ വ്യക്തിഗത മെഡല്‍ നേട്ടങ്ങളും കാലിക്കറ്റിന്റെ മാറ്റ് കൂട്ടി.
ഖേലോ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം.
വിദ്യാര്‍ഥികളില്‍ കായികാവബോധത്തിനുള്ള ‘ കോഫെ ‘ പ്രോഗാമും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ‘ പുനര്‍നവ ‘ പദ്ധതിയും കായികമേഖലയില്‍ കാലിക്കറ്റിനെ വേറിട്ടു നിര്‍ത്തുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക