malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സംസ്ഥാന എന്‍.എസ്.എസ്. പുരസ്‌കാരങ്ങള്‍ കാലിക്കറ്റ് ഏറ്റുവാങ്ങും

HIGHLIGHTS : Calicut University News; State NSS Calicut will receive the awards

sameeksha-malabarinews
സംസ്ഥാന എന്‍.എസ്.എസ്. പുരസ്‌കാരങ്ങള്‍ കാലിക്കറ്റ് ഏറ്റുവാങ്ങും; ചടങ്ങ് ബുധനാഴ്ച  തിരുവനന്തപുരത്ത്

എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച സര്‍വകലാശാലക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുക. 2018-19 വര്‍ഷത്തെ അവാര്‍ഡാണിത്. നിര്‍ധനരും നിരാശ്രയരുമായ ഭവനരഹിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിനെ നേട്ടത്തിനര്‍ഹമാക്കിയത്. ഈ സേവനങ്ങളുടെ വെളിച്ചത്തില്‍ ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരവും കാലിക്കറ്റ് കരസ്ഥമാക്കിയിരുന്നു. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം എം.പി. സമീറ (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), കെ. പ്രതീഷ് (ഗവ. കോളേജ് ചിറ്റൂര്‍) എന്നിവരും മികച്ച വൊളന്റിയര്‍മാര്‍ക്കുള്ളത് സി. വിഷ്ണു പ്രസാദ് (മാര്‍ത്തോമ കോളേജ് ചുങ്കത്തറ), ടി. അഞ്ജന (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരി) എന്നിവര്‍ക്കുമാണ്. 2019-20 വര്‍ഷത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ : ഡോ. അബ്ദുള്‍ നാസര്‍ തലേക്കുന്നത്ത് (അന്‍വാറുല്‍ ഇസ് ലാം അറബിക് കോളേജ് മോങ്ങം). വൊളന്റിയര്‍: കെ. അനഘദാസ് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്). 2020-21 വര്‍ഷത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍: ടി. മുഹമ്മദ് ഷാഫി (ഇ.എം.ഇ.എ. കൊണ്ടോട്ടി), ഡോ. സി. മുഹമ്മദ് റാഫി (അന്‍സാര്‍ അറബിക് കോളേജ് വളവന്നൂര്‍). മികച്ച വൊളന്റിയര്‍മാര്‍ : എന്‍. അമയ (പ്രൊവിഡന്‍സ് കോളേജ് കോഴിക്കോട്), കെ. അശ്വിന്‍ (എന്‍.എസ്.എസ്. ഒറ്റപ്പാലം), കെ.ടി. മുഹമ്മദ് ഷബീബ് (ബ്ലോസം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊണ്ടോട്ടി) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. നിലവില്‍ 196 കോളേജുകളിലായി 259 എന്‍.എസ്.എസ്.  യൂണിറ്റുകളാണ് കാലിക്കറ്റിന് കീഴിലുള്ളത്. നൂറ് വൊളന്റിയര്‍മാര്‍ അടങ്ങുന്നതാണ് ഓരോ യൂണിറ്റും. സ്വാശ്രയമേഖലയില്‍ നിലവിലുള്ള 28 യൂണിറ്റുകള്‍ക്കും ഈ വര്‍ഷം തുടങ്ങിയ 59 യൂണിറ്റുകള്‍ക്കും ധനസഹായം ലഭ്യമാക്കുന്നതിന് റീജണല്‍ ഡയറക്ടറേറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.

വോളിബോള്‍ താരസംഗമം 11-ന്

കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി കഴിഞ്ഞ അര നൂറ്റാണ്ടിനിടെ വോളിബോള്‍ കോര്‍ട്ടില്‍ ദേശീയ-അന്തര്‍ദേശീയ സാന്നിദ്ധ്യമറിയിച്ച പുരുഷ-വനിതാ താരങ്ങള്‍ ഒത്തുചേരുന്നു. 11-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് ‘ഓര്‍മയിലേക്കൊരു സ്മാഷ്’ എന്ന പേരില്‍ സംഗമം. അന്താരാഷ്ട്ര വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹോദരങ്ങളായ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, അന്തര്‍ദേശീയ താരങ്ങളായ സിറിള്‍ സി. വെള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മൂത്തേടന്‍, ഗീതാ വളപ്പില്‍ ഉള്‍പ്പെടെയുള്ള അര്‍ജുന അവാര്‍ഡ് ജേതാക്കളടക്കം ആയിരത്തോളം കളിക്കാര്‍ പങ്കെടുക്കും. 12.30-ന് കായികവകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., കാലിക്കറ്റ് മുന്‍താരവും എം.എല്‍.എ.യുമായ മാണി സി. കാപ്പന്‍, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് എന്നിവരും പങ്കെടുക്കും. വൈകീട്ട് 5 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ പ്രദര്‍ശന മത്സരവും നടക്കുമെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ academicmscclt@gmail.com, ഫോണ്‍ 0494 2407325

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസ് പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിലേക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 13-ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407514

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠന വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി.യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 13-ന് രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവിന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407374

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News