കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

HIGHLIGHTS : Calicut University News; Patent granted for discovery of protein for mosquito control by Calicut researchers

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

ജനിതക എന്‍ജിനീയറിങ് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ മാത്രമായി കൊല്ലുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രോട്ടീന്‍) ഉത്പാദിപ്പിച്ച കാലിക്കറ്റിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. ജന്തുശാസ്ത്ര പഠനവകുപ്പിലെ റിട്ട. പ്രൊഫസറം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്യുലാര്‍ ബയോളജി സ്ഥാപകനുമായ ഡോ. വി.എം. കണ്ണനും  ഗവേഷണ വിദ്യാര്‍ഥിനി എം. ദീപ്തിയും ചേര്‍ന്നാണ് കണ്ടുപിടിത്തം നടത്തിയത്. ട്രിപ്‌സിന്‍ മോഡുലേറ്റിംഗ് ഉസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്.) എന്നറിയപ്പെടുന്ന ഈ പെപ്‌റ്റൈഡിന്റെ ജീന്‍ ക്ലോണ്‍ ചെയ്ത് ബാക്ടീരിയയില്‍ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ബാക്ടീരിയ വളരുമ്പോള്‍ ടി.എം.ഒ.എഫ്. ഉത്പാദിപ്പിക്കുന്നു. ഈ ബാക്ടീരിയയെ നിര്‍ജീവമാക്കിയ ശേഷം കൂത്താടികളുള്ള ജലാശയത്തിലേക്ക് ദ്രാവക രൂപത്തില്‍ തളിക്കാവുന്നതാണ്. കൂത്താടികളുടെ ദഹനപ്രക്രിയയില്‍ ആഹാരത്തിലുള്ള പ്രോട്ടീനെ വിഘടിപ്പിച്ച് ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഒരു രാസാഗ്‌നിയാണ് ട്രിപ്‌സിന്‍. ടി.എം.ഒ.എഫ്. പെപ്‌റ്റൈഡ് കൂത്താടിയിലെ റിസപ്റ്ററുമായി  കൂടിച്ചേരുകയും അതിന്റെ ഫലമായി ട്രിപ്‌സിന്‍ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യും. കൂത്താടിയുടെ അന്നപഥത്തില്‍ വച്ച് മാത്രം പെപ്‌റ്റൈഡ് പ്രവര്‍ത്തന ക്ഷമമാവുന്ന തരത്തിലാണ് ജനിതക എന്‍ജിനീയറിങ് നടത്തിയിരിക്കുന്നത്. ട്രിപ്‌സിന്റെ അഭാവത്തില്‍ കൂത്താടിയിലെ പ്രോട്ടീന്‍ ദഹനം തടയപ്പെടുന്നതോടെ 48 മണിക്കൂറിനകം അവ നിര്‍ജീവമാകും. ഈ പ്രത്യേക റിസപ്റ്റര്‍ മറ്റു ജീവികളിലുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ ജലാശയങ്ങളിലെ മറ്റു ജീവികളെ ഇത് ബാധിക്കില്ല. നിലവില്‍ കൊതുക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനികള്‍ ജലാശയത്തിലെ മറ്റു ജീവികളെയും മലിനമാകുന്ന ജലസ്രോതസ്സുകള്‍ മനുഷ്യരെയും ബാധിക്കുന്നുണ്ട്. മോളിക്യുലാര്‍ ബയോളജിയില്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തീകരിച്ചയാളാണ് ഡോ. കണ്ണന്‍. പുതിയ കണ്ടുപിടുത്തത്തിന് അമേരിക്കന്‍ പേറ്റന്റ് ലഭിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വ്യാവസായികാടിസ്ഥാനത്തില്‍ ടി.എം.ഒ.എഫ്. പെപ്‌റ്റൈഡ് ഉത്പാദിപ്പിക്കാന്‍ താല്പര്യമുള്ള കമ്പനികളോ സ്റ്റാര്‍ട്ടപ്പുകളോ മുന്നോട്ട് വരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

sameeksha-malabarinews

എ.ബി.സി. –  ഐ.ഡി. തയ്യാറാക്കാൻ സർവകലാശാലാ ഫീസ് ഈടാക്കുന്നില്ല 

കാലിക്കറ്റ് സർവകലാശാലയിൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡികൾ സൃഷിടിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും മുൻകൂറായി അമിത ഫീസ് ഈടാക്കുന്നതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കൺട്രോളർ വാർത്താ കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് എ.ബി.സി. / ഡിജിലോക്കർ പോർട്ടൽ വഴി അവരുടെ എ.ബി.സി. –  ഐ.ഡി. ഉണ്ടാക്കാവുന്നതാണ്. വിദ്യാർഥികൾ അവരവരുടെ എ.ബി.സി. –  ഐ.ഡി. സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് സർവകലാശാല ഫീസ് ഈടാക്കുന്നില്ല. സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളവർക്ക് അവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഐ.ഡി. അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിയുന്നതിന് സൈൻ അപ്പ് ചെയ്യാൻ ഉപയോഗിച്ച  മൊബൈൽ നമ്പറിലേക്കും ഇ – മെയിൽ ഐ.ഡി.യിലേക്കും അയക്കുന്ന ഒ.ടി.പി. നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്. പോർട്ടലിൽ സൈൻ അപ്പ് ചെയ്യാത്തവർക്ക് സൈൻ അപ്പ് ചെയ്യുന്നതിന് മുൻപായി  ഫോൺ നമ്പറോ മെയിൽ ഐ.ഡി.യോ  മാറ്റണമെന്നുണ്ടെങ്കിൽ അതത് പ്രിൻസിപ്പൽമാർക്ക് കോളേജ് പോർട്ടൽ മുഖേന മാറ്റുന്നതിന് നിലവിൽ സൗകര്യമുണ്ട്.  ഈ സൗകര്യം എടുത്തുകളഞ്ഞു എന്ന് പറയുന്നത് വസ്തുതാപരമല്ല. തങ്ങൾ തുടർന്നും ഉപയോഗിക്കുന്ന ഫോൺ നമ്പറും ഇ – മെയിൽ ഐ.ഡി.യും  ഉപയോഗിച്ചുതന്നെ സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്യുന്നവർക്ക് പിന്നീട് ലോഗിൻ ചെയ്യുന്നതിന് പ്രയാസമുണ്ടാകുന്നില്ല. എന്നാൽ സ്റ്റുഡന്റ് പോർട്ടലിൽ ഫോൺ നമ്പർ, ഇ – മെയിൽ എന്നിവ നൽകി സൈൻ അപ്പ് ചെയ്തവർക്ക് പിന്നീട് മേല്പറഞ്ഞ വിവരങ്ങൾ മാറ്റുന്നതിന് സർവകലാശാലയെ സമീപിക്കേണ്ടതാണ്. യഥാർഥ വിദ്യാർഥി തന്നെയാണ് സ്റ്റുഡന്റ് പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനും വിവരസുരക്ഷിതത്വത്തിനുമാണ് മൊബൈൽ നമ്പർ, ഇ-മെയിൽ ഇവ മുഖേനയുള്ള വെരിഫിക്കേഷൻ സ്റ്റുഡന്റ് പോർട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എ.ബി.സി. –  ഐ.ഡി. നിർമിക്കേണ്ടതും അത് സർവകലാശാല പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും വിദ്യാർഥികൾക്ക് തങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ  തുടർ വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിജിലോക്കർ മുഖേന എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്  അനിവാര്യമാണ്. ഇത്തരത്തിൽ വിദ്യാർഥികളെ സഹായിക്കുന്നതിനാണ് ഈ സംവിധാനം നടപ്പിൽ വരുത്തിയിട്ടുള്ളതെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഫോക്‌ലോറും കളരിയും സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പ് സംഘടിപ്പിച്ച ഫോക്‌ലോറും കളരിയും സെമിനാർ സമാപിച്ചു. സമാപന സമ്മേളനം കേരള ഫോക്‌ലോർ അക്കാഡമി മുൻ സെക്രട്ടറിയും എഫ്.എഫ്.എം. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ ടി.കെ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റും സിനിമയും എന്ന വിഷയത്തിൽ മലയാളം പഠനവകുപ്പ് അധ്യാപിക ഡോ. ടി. അപർണ പ്രബന്ധം അവതരിപ്പിച്ചു. ഫോക്‌ലോർ പഠനവകുപ്പ് മേധാവി ഡോ. സി. കെ. ജിഷ, പഠനവകുപ്പിലെ അധ്യാപകരായ ഡോ. പി. വിജിഷ, സിനീഷ് വേലിക്കുനി എന്നിവർ സംസാരിച്ചു.

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി. കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ drjibin@uoc.ac.in എന്ന മെയിൽ ഐ.ഡി.യിലേക് ബയോഡാറ്റ ജനുവരി 20-നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഡോ. വി. കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ – മെയിൽ : drjibin@uoc.ac.in . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ്‌ കോളേജിലെ (CUIET) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 23-ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടക്കും. വിശദവിവരങ്ങൾ http://www.cuiet.info/ എന്ന വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20 – ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) ഒന്നാം വർഷ ( 2024 പ്രവേശനം ) മെയ് 2025 റഗുലർ, രണ്ടാം വർഷ ( 2020 മുതൽ 2023 വരെ പ്രവേശനം ) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ( 2015 മുതൽ 2022 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!