കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; താളിയോല സംരക്ഷണ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

താളിയോല സംരക്ഷണ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലയുടെ താളിയോല ഗ്രന്ഥപ്പുരയില്‍ താളിയോല സംരക്ഷണ ക്ലിനിക്കിന് തുടക്കമായി. താളിയോലകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് സഹായവും ബോധവത്കരണവും നല്‍കുന്നതാണ് പദ്ധതി. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള താളിയോലകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉള്ളടക്കം മനസ്സിലാക്കുന്നതിനുമെല്ലാം ഇവിടെ സഹായം നല്‍കും. ഇവയുടെ ഡിജിറ്റൈസ് പകര്‍പ്പുകള്‍ സൂക്ഷിക്കാനും സംവിധാനമുണ്ട്. അമൂല്യമായ ഉള്ളടക്കങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സമൂഹത്തിന് ഉപകരിക്കുന്ന തരത്തില്‍ പ്രയോഗിക്കാനും പദ്ധതി സഹായിക്കും. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. താളിയോല ഗ്രന്ഥപ്പുരയെ ഒരു പഠനവകുപ്പായി വികസിപ്പിക്കാനും മാനുസ്‌ക്രിപ്‌റ്റോളജി കോഴ്‌സ് തുടങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം എ.കെ. രമേഷ് ബാബു, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, സംസ്‌കൃത പഠനവകുപ്പ് മേധാവി ഡോ. കെ.കെ. ഗീതാകുമാരി, ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. എം.പി. മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യദിവസം പാണ്ടിക്കാട് സ്വദേശി എ.ടി. യൂസഫലി, കോഴിക്കോട്ടെ കെ. സതീശന്‍, ഒലിപ്രംകടവില്‍ നിന്നുള്ള ഹരീഷ് വൈദ്യര്‍, കണ്ണൂര്‍ സ്വദേശി യഹിയ നൂഞ്ഞേരി എന്നിവരാണ് താളിയോല ഗ്രന്ഥങ്ങളുടെ പരിചരണത്തിനെത്തിയത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരമാണ് കാലിക്കറ്റിലുള്ളത്. 1971-ല്‍ മലയാള പഠനവകുപ്പിന് കീഴില്‍ തുടങ്ങിയതാണ് ഗ്രന്ഥശേഖരം. പനയോല, മുളക്കരണം, ചെപ്പേട്, കടലാസുകള്‍ തുടങ്ങിയവയിലായി എണ്ണായിരത്തഞ്ഞൂറോളം ഗ്രന്ഥങ്ങളുണ്ട്. വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കാവ്യം, നാടകം തുടങ്ങിയവയെല്ലാമാണ് വിഷയങ്ങള്‍. മലയാളം, സംസ്‌കൃതം, തമിഴ്, കന്നഡ ഭാഷകളിലും വട്ടെഴുത്ത്, ഗ്രന്ഥ, തമിഴ്, കന്നട എഴുത്തുകളിലുമാണ് ഇവയുള്ളത്.

വെബ്‌സൈറ്റ്-പോര്‍ട്ടല്‍ നവീകരണത്തിന് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലയുടെ മൂഡില്‍ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, വെബ്‌സൈറ്റ്, പോര്‍ട്ടല്‍ എന്നിവ നവീകരിക്കുന്നതിനായി അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയും (ഐ.ക്യു.എ.സി.) സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം എ.കെ. രമേഷ് ബാബു, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് എന്നിവര്‍ സംസാരിച്ചു. ഡോ. അഷ്‌കര്‍ അലി ക്ലാസെടുത്തു.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താല്‍പര്യമുള്ളവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുമായവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വീസ് സര്‍ട്ടിഫക്കറ്റുകള്‍ എന്നിവ 26-നകം വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.

പൊളിറ്റിക്കല്‍ സയന്‍സ് വൈവ

നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 29 മുതല്‍ പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. 1, 2 സെമസ്റ്റര്‍ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എക്കണോമിക്സ്, എസ്.ഡി.ഇ. ഒന്നാം വര്‍ഷ ഇംഗ്ലീഷ് മെയ് 2020, രണ്ടാം സെമസ്റ്റര്‍ എക്കണോമിക്സ് ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top