
എം.ടി. കാലദേശങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച മാന്ത്രികൻ – കാലിക്കറ്റ് വി.സി.
സർഗശക്തികൊണ്ട് കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ മഹാമാന്ത്രികനായിരുന്നു എം.ടി. എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മലയാള സാഹിത്യത്തെയും ചലച്ചിത്രത്തെയും മാധ്യമപ്രവർത്തനത്തെയും തനിക്കു മുൻപുള്ള കാലവും തനിക്കു ശേഷമുള്ള കാലവുമെന്നു രണ്ടായി വേർതിരിക്കാൻ സാധിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മലയാളിക്കു ചലച്ചിത്രത്തിലൂടെ ‘നിർമാല്യദർശനം സാധ്യമാക്കിയ ചലച്ചിത്രകാരനും ‘ഒരുവടക്കൻ വീരഗാഥ’യിലൂടെയും മറ്റും തിരക്കഥാസങ്കൽപത്തെ മാറ്റിമറിച്ച തിരക്കഥാകൃത്തും ‘രണ്ടാമൂഴ’ത്തിലൂടെ ഉൾപ്പെടെ ഭാവനാത്മകതയെ അടിമുടി മാറ്റിപ്പണിത സാഹിത്യകാരനുമൊക്കെയായ ബഹുമുഖ വ്യക്തിത്വമായിരുന്നു എം ടി. മലയാളിയുടെ ഭാഷാ സ്നേഹത്തെയും സാഹിത്യ അഭിരുചിയെയും അദ്ദേഹം പാലൂട്ടി വളർത്തി. ആ സ്നേഹം കേരളത്തെയും മലയാളികൾ കഴിയുന്ന മുഴുവൻ ലോകത്തെയും കടന്ന് അന്യഭാഷകളിലേക്കുകൂടി ചെന്നു. ഒരുപക്ഷെ, എം.ടിയോളം ആരാധകരും വായനക്കാരുമുള്ള മറ്റൊരു മലയാള എഴുത്തുകാരൻ ഇല്ലെന്നു വരാം. ഇതിഹാസവും കടത്തനാടൻ കളരിയുമൊക്കെ സുലളിതവും സുഘടിതവുമായ രചനാവൈഭവത്തിനു പ്രമേയമാക്കി മാറ്റിയെടുത്ത അദ്ദേഹം, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മറ്റും കുടുംബ ബന്ധങ്ങളെ പുസ്തകത്താളുകളിലും അഭ്രപാളികളിലും സവിശേഷമായി വരച്ചിട്ടു. കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തെ ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. എം.ടിയുടെ എത്രയോ രചനകളും ചലച്ചിത്രങ്ങളും സർവകലാശാലയ്ക്കു കീഴിൽ പാഠപുസ്തകങ്ങളും പഠനസാമഗ്രികളുമാണ്. സർവകലാശാലയുടെ പുതിയ പദ്ധതികളോ ആശയങ്ങളോ എതുമാകട്ടെ, മാർഗദർശനം നൽകാനും ചേർന്നുനിൽക്കാനുമുള്ള വിശാലമനസ്കത എം.ടി. എല്ലായ്പ്പോഴും കാട്ടിയിരുന്നു. ഈ വിദ്യാലോകത്തെ സംബന്ധിച്ചിടത്തോളം എന്നും പ്രഭ ചൊരിയുന്ന നിറദീപമായി മലയാളത്തിന്റെ മഹാസാഹിത്യകാരൻ അനശ്വരനായി തുടരും. അദ്ദേഹത്തിന്റെ വേർപാടിൽ കാലിക്കറ്റ് സർവകലാശാല സമൂഹത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.
കാമ്പസ് ഓര്‍മകളില്‍ എം.ടി.
ഡോ. സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവകുപ്പ് മേധാവിയും വൈസ്ചാന്‍സലറുമൊക്കെ ആയിരിക്കെ എം.ടി. ഇടക്കിടെ കാമ്പസ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വരുമ്പോഴെല്ലാം അഴീക്കോടിനെ കാണാനെത്തും. കാലിക്കറ്റ് സര്‍വകലാശാല 1996 ജൂണ്‍ 22-ന് ഡീലിറ്റ് നല്‍കി എം.ടി. വാസുദേവന്‍ നായരെ ആദരിച്ചു. 2015 ഓഗസ്റ്റ് അഞ്ചിന് സര്‍വകലാശാലയുടെ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണക്ക് അനാരോഗ്യം വക വെയ്ക്കാതെ അദ്ദേഹം മുഖ്യപ്രഭാഷകനായി എത്തി. ലാളിത്യത്തെ ശക്തിയും സൗന്ദര്യവുമാക്കിയ സാഹിത്യ നഭസ്സിലെ പ്രകാശമായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്നാണ് എം.ടി. അനുസ്മരിച്ചത്. മലയാളത്തിന്റെ വിശ്വമഹാ സാഹിത്യകാരനായ ബഷീറിന്റെ യഥാര്‍ഥ സ്മാരകം അദ്ദേഹത്തിന്റെ കൃതികള്‍ തന്നെയാണ്. തന്റെ പരിചിത സാമൂഹ്യ – സൗന്ദര്യ വൃത്തങ്ങളില്‍ നിന്ന് ലാളിത്യത്തിന്റെ പുതിയ ഭാഷ കടഞ്ഞെടുത്ത കലാകരാനാണദ്ദേഹമെന്ന് എം.ടി അനുസ്മരിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ വക്താവും മാനവികതയുടെ ഉണര്‍ത്തുപാട്ടുകാരനുമായിരുന്ന ബഷീറിന്റെ ഓരോ വാക്കിലും അനുഭവങ്ങളു ടെയും ആത്മജ്ഞാനത്തിന്റെയും കയ്യൊപ്പുണ്ടായിരുന്നു. മരണത്തിന് ശേഷവും വളര്‍ന്നു കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ് ബഷീര്‍. അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായ തനിക്ക് ആ ശൈലിയോട് അതിയായ ഭ്രമമായിരുന്നു. ‘അനര്‍ഘനിമിഷം’ വായിച്ച ശേഷം അതുപോലെ ഗദ്യകവിതയെഴുതാന്‍ മോഹിച്ച കാലത്തെപ്പറ്റിയും എം.ടി. അന്ന് പറഞ്ഞു.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി.കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് (Project Title : Social Life, Equity and Mental Health of Tribal Students at the Secondary stage of Kerala in the Post Covid-19 Pandemic) കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 % മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ drjibin@uoc.a.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഡോ. വി.കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ – മെയിൽ : drjibin@uoc.a.in . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലയിലെ 2024 – 2025 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ( പ്രൊജക്ട് മോഡ് ) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് പുനര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ കൂടുതൽ വിവരങ്ങള്‍ക്ക് ഇ.എം.എം.ആർ.സി. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 0494 2407016 (DoA), 7279 (EMMRC)
പരീക്ഷ മാറ്റി
ജനുവരി മൂന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. – MED 09 – Teacher Education ( Part I – Theory ) പേപ്പർ ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷ ജനുവരി 10-ന് ഉച്ചക്ക് രണ്ടു മണിക്ക് നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഹാൾടിക്കറ്റ്
ജനുവരി ഒന്നിന് ആരംഭിക്കുന്ന വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ബി.എ. മൾട്ടിമീഡിയ ( 2019 & 2020 ) നവംബർ 2023 പരീക്ഷയുടെയും ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) – വിദൂര വിഭാഗം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. / അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എം.എം.സി., ബി.ടി.എഫ്.പി., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷൾ ജനുവരി 30-നും അഫിലിയേറ്റഡ് കോളേജുകളിലെ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ പരീക്ഷകൾ ഫെബ്രുവരി 15-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ.
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) അഫിലിയേറ്റഡ് കോളേജുകളിലെ ( CUCBCSS – UG – OPEN COURSE ) എല്ലാ യു.ജി. പ്രോഗ്രാമുകളുടെയും സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷൾ ഫെബ്രുവരി 14-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (PG CBCSS – 2021 പ്രവേശനം മുതൽ) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 17-ന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.




