കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍ ; ‘മനുഷ്യരുടെ തലച്ചോറിലും ഹൃദയത്തിലും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ പെരുകുന്നു’ ഭീഷണി പങ്കുവെച്ച് അന്താരാഷ്ട്ര ഫൈറ്റോ ടെക്നോളജി സമ്മേളനം

HIGHLIGHTS : Calicut University News; International Phytotechnology Conference

‘മനുഷ്യരുടെ തലച്ചോറിലും ഹൃദയത്തിലും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ പെരുകുന്നു’ ഭീഷണി പങ്കുവെച്ച് അന്താരാഷ്ട്ര ഫൈറ്റോ ടെക്നോളജി സമ്മേളനം

മണ്ണിലും ജലത്തിലും വായുവിലുമുള്ളതിനേക്കാള്‍ ഗുരുതരഭീഷണിയായി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അമേരിക്കയിലെ സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറും പ്രൊഫസറുമായ ബോഷ്വന്‍സിങ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ഫൈറ്റോ ടെക്നോളജി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളായ മൈക്രോ പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തിന് കാരണമാകുന്നുണ്ട്. ഇവ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യശരീരത്തില്‍ എത്തും. വൃക്ക, കരള്‍ എന്നിവയില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ അളവില്‍ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാമേറെ സുരക്ഷിതമെന്ന് കരുതുന്ന ശിശുക്കളുടെ ഫീഡിങ് ബോട്ടിലുകളില്‍ വരെ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കുടിവെള്ളക്കുപ്പി, പാര്‍സല്‍ ഭക്ഷണം കൊണ്ടുവരുന്ന പ്ലാസറ്റിക് കണ്ടെയ്നര്‍ എന്നിവയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെയധികമാണ്. ഹൃദയത്തില്‍ നിന്ന് മസ്തികത്തിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകളില്‍ വരെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട് എന്നത് ഏറെ ആശങ്കാജനകമാണ്. ഇത് ഹൃദയാഘാത സാധ്യതയെ വര്‍ധിപ്പിക്കുന്നു. അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ മറവി രോഗങ്ങള്‍ക്കും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ കാരണമാകുന്നു. മൈക്രോ പ്ലാസ്റ്റിക്കുണ്ടാക്കുന്ന അപകടഭീഷണികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ബോഷ്വന്‍സിങ്ങിന്റെയും സംഘത്തിന്റെയും ലേഖനം ‘നേച്ചര്‍’ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഫൈറ്റോ ടെക്നോളജി സഹായകമാകും എന്ന പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സമ്മേളനം സമാപിച്ചത്. സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് മുഖ്യാതിഥിയായി. എം.ഐ.ടി. പ്രൊഫസര്‍ ഡോ. ഓം പര്‍കാശ് ധാംകര്‍, ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. ലിസ് റൈലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 19 രാജ്യങ്ങളില്‍ നിന്നായി 250-ഓളം പേരാണ് പങ്കെടുത്തത്. നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

sameeksha-malabarinews

സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യന്‍മാര്‍

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ് കോളേജ് ദേവഗിരി തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്‍മാരായി. ഫൈനനലില്‍ ആതിഥേയരായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയെ ടൈ ബ്രേക്കറില്‍ 4 – 2 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ദേവഗിരി കോളേജ് കിരീടം ചൂടിയത്. കാര്‍മല്‍ കോളേജ് മാള പാലക്കാട് മേഴ്സി കോളേജിനെ തോല്‍പിച്ച് മൂന്നാം സ്ഥാനം നേടി. സമ്മാനദാനച്ചടങ്ങില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരം അനസ് ഇടത്തൊടിക മുഖ്യഥിതിയായി. സര്‍വകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി. പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. കെ. പി. മനോജ്, ഡോ. ജി. ബിപിന്‍, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന്‍ റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.

ഡി.എസ്.ടി. – പി.യു.ആര്‍.എസ്.ഇ. പ്രൊജക്ടില്‍ അസ്സോസിയേറ്റ് നിയമനം

സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയര്‍ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ – ഓര്‍ഡിനേറ്റര്‍ ആയിട്ടുള്ള ഡി.എസ്.ടി. – പി.യു.ആര്‍.എസ്.ഇ. പ്രോജക്ടില്‍ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I – (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II – (ഓപ്പണ്‍ കോംപറ്റീഷന്‍ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്‌കോര്‍ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുകള്‍ പരിവര്‍ത്തനം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇ-മെയിലില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഡോ. അബ്രഹാം ജോസഫ്, സീനിയര്‍ പ്രൊഫസര്‍, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം ജില്ല : 673 635, ഇ-മെയില്‍ : abrahamjoseph@uoc.ac.in , ഫോണ്‍ : 9447650334. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ലാബ് അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങില്‍ കരാറടിസ്ഥാനത്തിലുള്ള ലാബ് അസിസ്റ്റന്റ് നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് / ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ് / ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ്. ഉയര്‍ന്ന പ്രായപരിധി 64 വയസ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവ സാന തീയതി ഒക്ടോബര്‍ 30.

എം.ബി.എ. പ്രവേശനം

2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ( ജനറല്‍ : 1230/- രൂപ, എസ്.സി. / എസ്.ടി. : 620/- രൂപ ) ഒക്ടോബര്‍ 25-ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .

പരീക്ഷ മാറ്റി

നവംബര്‍ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ( CBCSS – UG – 2019 പ്രവേശനം മുതല്‍ ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുനക്രമീകരിച്ചത് പ്രകാരം ഡിസംബര്‍ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട പ്രസിദ്ധീകരിക്കും.

പരീക്ഷ

ബി.ആര്‍ക്. ( 2015, 2016 പ്രവേശനം ) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 18-നും ഒന്‍പതാം സെമസ്റ്റര്‍ ഡിസംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 19-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ( CBCSS – 2019 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ആറ് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ (2022 പ്രവേശനം) എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!