HIGHLIGHTS : Calicut University News; International Drama Festival at School of Drama

സ്കൂൾ ഓഫ് ഡ്രാമയിൽ രാജ്യാന്തര നാടക പഠനോത്സവം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമാ ആന്റ് ഫൈൻ ആർട്സിൽ ‘ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തീയേറ്റർ സ്കൂൾസ് 2026’-ന് (ഐ.എഫ്.ടി.എസ്.) തുടക്കമായി. ആരോഗ്യവും തിയേറ്ററും എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സിനിമാ – നാടക രംഗത്തെ പ്രമുഖരായ സീമാ ബിശ്വാസ്, ഡോ. മായാ ടാംബെർഗ് എന്നിവർ മുഖ്യാതിഥികളായി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, ഫെസ്റ്റിവൽ ഡയറക്ടർ സ്കൂൾ ഓഫ് ഡ്രാമ ഡോ. അഭിലാഷ് പിള്ള, കില ഡയറക്ടർ എ. നിസാമുദ്ധീൻ ഐ.എ.എസ്., മേയർ നിജി ജസ്റ്റിൻ, കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അന്താരാഷ്ട്ര തലത്തിലെ സംഭവനകൾക്ക് നാടകാചാര്യന്മാർക്ക് നൽകുന്ന ‘ദി ലിവിങ് ലെഗസി’ അവാർഡ് മായാ ടാംബെർഗിന് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിച്ചു. വിവിധ രാജ്യങ്ങളിലെ 18 നാടക പഠന കേന്ദ്രങ്ങളിൽനിന്നായി 400 ഓളം വിദ്യാർഥികളും 29 നാടകാചാര്യന്മാരും അനവധി നാടക വിദഗ്ധരും പങ്കെടുക്കും. തായ് – പെയ് യൂണിവേഴ്സിറ്റി (തായ്‌വാൻ), കാർണീജിമെലൻ യൂണിവേഴ്സിറ്റി (യു.എസ്.എ.), വിംബിൾഡൺ യൂണിവേഴ്സിറ്റി (യു.കെ.), യൂണിവേഴ്സിറ്റി ഓഫ് ജാഫ്‌ന (ശ്രീലങ്ക), വാഴ്സാ യൂണിവേഴ്സിറ്റി (പോളണ്ട്) എന്നീ നാടക പഠന സ്‌കൂളുകളോടൊപ്പം ഇന്ത്യയിലെ വിവിധ നാടക പഠന സ്‌കൂളുകളും വിക്കി ഗിൽമോർ (യു.എസ്.എ.), ഒബ്രോ മില്ലർ (ഓസ്‌ട്രേലിയ), സാറാ മച്ചറ്റ് (സൗത്ത് ആഫ്രിക്ക), ഡാനിയൽ കോളിൻസ് (യു.കെ.), ടെറി ഗ്രിവ്സ് (യു.എസ്.എ.), അനറ്റേ (ഫ്രാൻസ്), മോക്വോ ഇച്ചി നോവ് സ്‌കി (ജപ്പാൻ), ലെവ ഇറോണ (ജർമ്മനി), കിം ചെൻ (തായ്‌വാൻ) തുടങ്ങിയ അന്താരാഷ്ട്ര നാടക അധ്യാപകരം ഇതിൽ ഉൾപ്പെടും. 27 ശില്പശാലകളും പത്തോളം നടക അവതരണങ്ങളും മറ്റ് സാംസ്‌കാരിക പരിപാടികളും ഉൾപ്പെടുന്ന നാടക പഠനോത്സവം 22-ന് സമാപിക്കും.
കവിതാ ദിനം
സർവകലാശാലാ മലയാള പഠനവിഭാഗത്തിൽ ജനുവരി 20-ന് കവിതാ ദിനം സംഘടിപ്പിക്കുന്നു. രചനയുടെ വഴികൾ എന്ന വിഷയത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് പരിപാടി. കവി സെബാസ്റ്റ്യൻ പ്രഭാഷണവും കവിതാ അവതരണവും നടത്തും.
ജീവിതം തുറക്കുന്ന മനുഷ്യപുസ്തകങ്ങൾ: 29 മുതൽ സർവകലാശാലയിൽ
കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക് മുന്നിൽ പ്രദർശിപ്പിക്കുന്ന ‘ശാസ്ത്രയാൻ 2026’ പ്രദർശനത്തിന്റെ ഭാഗമായി ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിക്കും. ജനുവരി 29, 30, 31 തിയതികളിലായി സർവകലാശാലാ പാർക്കിൽ ആറ് വേദികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ വൈവിധ്യം പുലർത്തിയ മുപ്പതോളം മനുഷ്യപുസ്തകങ്ങളെ ജനങ്ങൾക്ക് മുന്നിൽ തീർത്തും സൗജന്യമായ എത്തിക്കും. ഡെന്മാർക്കിൽ 2000 ത്തിൽ ഉടലെടുത്ത ഹ്യൂമൻ ലൈബ്രറി ആശയത്തിൽ വ്യക്തികൾ പുസ്തകങ്ങളായി മാറി നിശ്ചിത സമയത്തേക്ക് വായനക്കാരുമായി നേരിട്ട് സംവദിക്കുന്നതിലൂടെ അച്ചടിക്കപ്പുറമുള്ള മനുഷ്യറിവുകളെയും ജീവിതാനുഭവങ്ങളെയും വെല്ലുവിളികളെയും അടുത്തറിയുവാനുള്ള അവസരമാണ് ഒരുക്കുന്നത്. വിവിധ സാമൂഹിക, സാംസ്കാരിക, തൊഴിൽ പശ്ചാത്തലങ്ങളിലുള്ള വ്യക്തികൾ, പരസ്പര ബഹുമാനത്തോടെയും തുറന്ന മനസ്സോടെയും നടത്തുന്ന സംവാദങ്ങൾ, യഥാർത്ഥ ജീവിതങ്ങളെ അറിയാനും പഠിക്കാനും, വൈവിധ്യങ്ങളെ അംഗീകരിക്കുവാനും സഹാനുഭൂതി വളർത്തുന്നതിനും സാമൂഹിക ഐക്യബോധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. പരമ്പരാഗത വായനശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ നൂതന ആശയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മനുഷ്യ പുസ്തകങ്ങളുമായി തുറന്ന സംഭാഷണത്തിനുള്ള ഒരു മികച്ച വേദിയായി ഉപയോഗിക്കാവുന്നതാണ്. ഹ്യൂമൻ ലൈബ്രറിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പഠനവകുപ്പുമായി ബന്ധപ്പെടണം.
ശാസ്ത്രയാനിൽ ഹിന്ദി മത്സരങ്ങൾ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് ശാസ്ത്രയാൻ 2026-നോടനുബന്ധിച്ച് കോളേജ് / സർവകലാശാലാ പഠനവകുപ്പുകളിലെ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ ‘ശാസ്ത്ര് ഔർ സാഹിത്യ’ എന്ന വിഷയത്തെ അധികരിച്ച് പ്രസംഗ മത്സരവും ‘കൃത്രിം ബുദ്ധി കെ യുഗ മേം ഭാഷാ ഔർ സാഹിത്യ’ എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരവും ജനുവരി 19-ന് പഠനവകുപ്പിൽ നടത്തും. കൂടാതെ പാരിസ്ഥിതിക മലിനീകരണം ( പര്യാവരൺ പ്രദൂഷൺ ) എന്ന വിഷയത്തെ അധികരിച്ച് 04 – 05 മിനുട്ടിൽ കൂടാത്ത ദൈർഘ്യമുള്ള വീഡിയോ നിർമാണം ( മൂന്ന് വിദ്യാർഥികളടങ്ങുന്ന ഗ്രൂപ്പ് ) ഹിന്ദിയിൽ തയ്യാറാക്കി പ്രിൻസിപ്പലിൻ്റെ സാക്ഷ്യപത്രം സഹിതം ജനുവരി 19-നകം hindihod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കണം. 1, 2, 3 സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 1500, 1000, 500 എന്ന നിരക്കിൽ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. പ്രസംഗം / ഉപന്യാസ മത്സരങ്ങൾക്ക് താത്പര്യമുള്ളവർ രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.
സെക്യൂരിറ്റി ഗാർഡ് വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 30-ന് നടക്കും. യോഗ്യത : 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർദ്ധസൈനികർ. ഉയർന്ന പ്രായ പരിധി : 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30 സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: സ്പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സർവകലാശാലാ എജ്യൂക്കേഷനാൽ മൾട്ടി മീഡിയ റിസർച്ച് സെന്ററിൽ നടത്തുന്ന ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 20-ന് നടക്കും. ആറുമാസമാണ് കോഴ്സ് കാലാവധി. ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്ന കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ നൂതന എ.ഐ. സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രായോഗിക പരിശീലനം നല്‍കും. പഠന കാലയളവില്‍ ഇ.എം.എം.ആർ.സിയിൽ ഇന്റേണ്‍ഷിപ്പുമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ മതിയായ രേഖകൾ സഹിതം രാവിലെ 11 മണിക്ക് സർവകലാശാലാ ഇ.എം.എം.ആർ.സി. ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 9946823812, 9846512211.
പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ
ഡിസംബർ 2025 സെഷൻ പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 145 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 19 മുതൽ ലഭ്യമാകും. ഹാൾടിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി 09 മുതൽ ഡൗൺലോഡ് ചെയ്യാം.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര വിഭാഗം ( CBCSS ) 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി (ഓഫ്‌ലൈൻ) പരീക്ഷകൾ ജനുവരി 28-ന് നടത്തും. കേന്ദ്രം : വിദൂര വിദ്യാഭാസ കേന്ദ്രം, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ : 0494 2400288, 2407356.
പരീക്ഷ മാറ്റി
ജനുവരി 28-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എം.പി.എഡ്. (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഅപേക്ഷ
തൃശ്ശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 05 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. ( PG – CBCSS – 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 04 വരെയും 200 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


