‘നാക്’ എ പ്ലസ് ഗ്രേഡ് കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം 21-ന്
(പത്രസമ്മേളനം 19.10.2022)
‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ അനുമോദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് 21-ന് പ്രൗഡഗംഭീരമായി സര്‍വകലാശാലാ കാമ്പസില്‍ നടക്കും. നാലാമത് നാക് ഗ്രേഡിങ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. 3.45 ഗ്രേഡ് പോയിന്റോടെ മികച്ച പ്രകടനം നടത്താന്‍ സര്‍വകലാശാലക്ക് കഴിഞ്ഞു. കാമ്പസ് സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നമാണ് ഈ നേട്ടത്തിന് പിന്നില്‍. മികവിനെ അനുമോദിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നത്തുന്ന പരിപാടിയില്‍ പ്രൊചാന്‍സലര്‍ കൂടിയായ മന്ത്രി ഡോ. ആര്‍. ബിന്ദു പുരസ്‌കാരം കൈമാറി കാമ്പസ് സമൂഹത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ കാമ്പസിലെ സുവര്‍ണജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനാകും. എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി. അബ്ദുള്‍ ഹമീദ്, എ.പി. അനില്‍കുമാര്‍, കെ.ടി. ജലീല്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
സാംസ്‌കാരിക ഘോഷയാത്ര – എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ ആഹ്ലാദം പങ്കിടാനുള്ള വേദി കൂടിയാകും അനുമോദനച്ചടങ്ങ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി കാമ്പസ് സമൂഹം അണി നിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര വൈകീട്ട് മൂന്ന് മണിക്ക് ദേശീയ പാതയോരത്ത് കോഹിനൂരില്‍ നിന്ന് ആരംഭിക്കും. കലാമണ്ഡലത്തിന്റെ പഞ്ചവാദ്യസംഘം മുന്‍നിരയിലുണ്ടാകും. കേരളത്തിന്റെ തനതു കലകള്‍, സാംസ്‌കാരിക വൈവിധ്യം എന്നിവ പ്രതിപാദിക്കുന്ന വേഷങ്ങള്‍ യാത്രക്ക് മാറ്റുകൂട്ടും. നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റിന്റെ തനതു മികവായി ഉയര്‍ത്തിയ ഹരിത കാമ്പസ്, കായിക പദ്ധതിയായ ലാഡര്‍ തുടങ്ങിയവ വിശദമാക്കുന്ന ഫ്ളോട്ടുകള്‍ ആകര്‍ഷകണമേകും. ലഹരിവിരുദ്ധ പ്രചാരണങ്ങളുമായി എന്‍.എസ്.എസ്. വൊളന്റിയര്‍മാരും അണിനിരക്കും. മികച്ച ഫ്ളോട്ടുകള്‍ക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കലാപരിപാടികള്‍ – വൈകീട്ട് നടക്കുന്ന കലാപരിപാടികളില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം, അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍ എന്നിവയിലെ വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുക്കും. കാമ്പസ് വിദ്യാര്‍ഥി കൂടിയായ പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകും.
ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം – സംസ്ഥാന സര്‍ക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി സര്‍വകലാശാലയുടെ ലഹരിവിരുദ്ധ പ്രചാരണത്തിന് ചടങ്ങില്‍ തുടക്കമാകും. എന്‍.എസ്.എസ്. യൂണിറ്റുകള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ലഹരിവിരുദ്ധ പ്രചാരണത്തിനായി റേഡിയോ സിയു തയ്യാറാക്കിയ തീം സോങ്ങ് ചടങ്ങില്‍ പ്രകാശനം ചെയ്യും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: ഡോ. എം.കെ. ജയരാജ് (വൈസ് ചാന്‍സലര്‍), ഡോ. ഇ.കെ. സതീഷ് (രജിസ്ട്രാര്‍), ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ (സിന്‍ഡിക്കേറ്റംഗങ്ങള്‍)
എപ്ലസ് നേട്ടത്തില്‍ വന്‍കുതിപ്പിനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല പുതിയ കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും തുടങ്ങുന്നു
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ഥികളുടെ എണ്ണം അയ്യായിരമാക്കി ഉയര്‍ത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. ‘നാക്’ എ പ്ലസ് ഗ്രേഡ് അഭിനന്ദനച്ചടങ്ങുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടങ്ങാനിരിക്കുന്ന നവീന കോഴ്സുകളും ഗവേഷണ രംഗത്തെ അടിസ്ഥാന സൗകര്യ വികസനവും കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കും. എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ പ്രധാന നേട്ടം കാലിക്കറ്റ് സര്‍വകലാശാലക്ക് കേന്ദ്രസര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും ഗവേഷണ പ്രോജക്ട് ഫണ്ടുകള്‍ക്കുള്ള യോഗ്യതയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എഫ്.ഐ.എസ്.ടി.ക്ക് കാലിക്കറ്റ് അര്‍ഹരായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗണ്‍സില്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പദ്ധതിയായ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ ഹെല്‍പ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് (SATHI) തുടങ്ങിയ പദ്ധതികളും സര്‍വകലാശാലക്ക് നേട്ടമാകും. മികച്ച ഗ്രേഡ് ലഭിച്ചതിനാല്‍ പുതിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങുന്നതിനും ഓഫ് കാമ്പസ് സെന്ററുകള്‍ ആരംഭിക്കുന്നതിനും അനുമതി ലഭിക്കും.
അടുത്ത വര്‍ഷം കമ്പ്യൂട്ടര്‍സയന്‍സ് പഠനവകുപ്പ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി സഹകരിച്ച് ഒരു വര്‍ഷത്തെ മെഷീന്‍ ലേണിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സുകള്‍ തുടങ്ങും. സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് വകുപ്പുകള്‍ മുഖേന എം.എസ് സി. ഡാറ്റാ അനലിറ്റിക്സ്, ഇ.എം.എം.ആര്‍.സിയില്‍ എം.എ. മീഡിയ കോഴ്സുകളും പരിഗണനയിലാണ്. കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ ജര്‍മന്‍, റഷ്യന്‍, സ്പാനിഷ് ഭാഷകള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങും. രണ്ട് വര്‍ഷത്തെ എം.എസ്. ബൈ റിസര്‍ച്ച് കോഴ്സില്‍ ഇന്റേണ്‍ഷിപ്പിനായി ബോഷ്, എയര്‍ബസ്, ഹാള്‍മാര്‍ക്ക്, നെസ്റ്റ് തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ട്. വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് കൊളാബറേഷന്‍ തുടങ്ങും.
കോളേജുകളിലെ പരീക്ഷാഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനുള്ള സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മെന്റ്, കായിക വിഭാഗത്തിന്റെ പുതിയ കെട്ടിടം, സ്പോര്‍ട്സ് ഹോസ്റ്റല്‍, സുവര്‍ണജൂബിലി പരീക്ഷാഹാള്‍ എന്നിവയുടെ ഉദ്ഘാടനം ഡിസംബറില്‍ നടക്കും. സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി (സിഫ്.) വികസനത്തിന് 103 കോടി രൂപയുടെ ടെന്‍ഡറായിക്കഴിഞ്ഞു. 72 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇവിടേക്കായി വാങ്ങുന്നത്. 60 കോടിയോളം രൂപ ചെലവിലുള്ള പുതിയ ഹോസ്റ്റലുകളുടെ തറക്കല്ലിടലും മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുള്ള ഫാബ് ലാബ്, സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ ടെക്നോളജി ഇന്‍ക്യുബേഷന്‍ ഹബ് എന്നിവ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. ഇതിനകം മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വേണ്ടി ഇന്‍ക്യുബേഷന്‍ ഹബ് വഴി തയ്യാറാക്കിയ രണ്ട് ഉത്പന്നങ്ങള്‍ വൈകാതെ പുറത്തിറക്കും. കണ്‍സള്‍ട്ടന്‍സി നയത്തിന്റെ ഭാഗമായി വരുമാനത്തിന്റെ 70 ശതമാനം ഗവേഷകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കും ലഭ്യമാക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പി.ആര്‍. 1450/2022
21ന് സര്‍വകലാശാലാ സേവനങ്ങളില്‍ നിയന്ത്രണം
കാലിക്കറ്റ് സര്‍വകലാശാലയുടെ നാക് എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ സര്‍ക്കാറിന്റെ അഭിനന്ദനച്ചടങ്ങും സാംസ്‌കാരിക ഘോഷയാത്രയും നടക്കുന്നതിനാല്‍ 21-ന് സര്‍വകലാശാലാ സേവനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഉച്ചക്ക് മുമ്പായി ഓഫീസുകളില്‍ എത്തണം. പി.ആര്‍. 1451/2022
ബി.സി.എ., ബി.എസ്.ഡബ്ല്യു., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര റീജ്യണല്‍ സെന്ററില്‍ ബി.സി.എ., ബി.എസ്.ഡബ്ല്യു., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് എല്ലാ വിഭാഗത്തിലും എം.എസ്.ഡബ്ല്യു.കോഴ്‌സിന് എസ്.ടി. വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ലേറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടാവുന്നതാണ്. പ്രവേശന നടപടികള്‍ 20-ന് തുടങ്ങും. ഫോണ്‍ 9447339356, 8086954115.
എം.ഇ.എസ്. കല്ലടി കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 21-ന് രാവിലെ 11.30-ന് ഹാജരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9446670011, 8281665557
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം, ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 14-ന് തുടങ്ങും.
പരീക്ഷാ ഫലം
നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ സൈക്കോളജി ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




