കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ലഹരിക്കെതിരെ പോരാട്ടം; പദ്ധതിക്ക് തുടക്കമിട്ട് കാലിക്കറ്റ്  സര്‍വകലാശാല ലഹരിക്കെതിരെ ഒറ്റക്കെട്ടാകണം- ഗവര്‍ണര്‍

ലഹരിക്കെതിരെ പോരാട്ടം; പദ്ധതിക്ക് തുടക്കമിട്ട് കാലിക്കറ്റ്  സര്‍വകലാശാല ലഹരിക്കെതിരെ ഒറ്റക്കെട്ടാകണം- ഗവര്‍ണര്‍

കേരളത്തിലെ കാമ്പസുകളില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രഖ്യാപനം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റില്‍ നിര്‍വഹിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
ലഹരിക്കെതിരെ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്നും സമൂഹം ഒറ്റക്കെട്ടായി പിറകെയുണ്ടാകുമെന്നും സെനറ്റിനെ അഭിസംബോധന ചെയ്ത് ചാന്‍സലര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ലഹരിക്കെതിരെ കര്‍ശനമായ നടപടികള്‍, ബോധവത്കരണം, എ.ഐ. ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ സാങ്കേതികമായ നിരീക്ഷണം, പുനരധിവാസം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.
ലഹരി ഉപയോഗം കൊണ്ട് ഇല്ലാതാകുന്നത് വിദ്യാര്‍ഥികളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഭാവിയാണ്. ഇതിനെതിരെ മുന്നിട്ടിറങ്ങണം. സമൂഹവും രക്ഷിതാക്കളും മറ്റെല്ലാവരും അതിന് പിന്തുണയുമായി വരും.
വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിലന്വേഷകരെ സൃഷ്ടിക്കലല്ല. അടിമത്ത മനോഭാവമാണ് ഇതുവഴിയുണ്ടാകുന്നത്. കൊളോണിയല്‍ രീതി പിന്തുടരുന്നതാണ് ഇതിന് കാരണം. വ്യവസായ സംരഭകര്‍ക്കാവശ്യമായ ജോലിക്കാരെയുണ്ടാക്കലല്ല, സമൂഹത്തിനാവശ്യമായ രീതിയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ ഉള്‍പ്പടെ സെനറ്റംഗങ്ങളും ജീവനക്കാരും ലഹരിക്കെതിരെ മുദ്രാവാക്യമെഴുതിയ മേല്‍ക്കുപ്പായം ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.
സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡയറക്ടര്‍മാര്‍, ബ്രാഞ്ച് മേധാവികള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ലഹരിവ്യാപനത്തിനെതിരെ പോരാളികളാകേണ്ടതിന്റെ ആവശ്യകത ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ പി.എം. ഉഷ പദ്ധതിപ്രകാരം പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കുക, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് കൈമാറ്റം ചെയ്യുന്നതിന് നടപടിയുണ്ടാകുക, വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തിന് അടിസ്ഥാന സൗകര്യവികസനത്തിന് ഫണ്ട് ലഭ്യമാക്കുക, സൈക്കോളജി പഠനവകുപ്പില്‍ സാമൂഹിക നീതിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സി.ഡി.എം.ആര്‍.പിയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് തൊഴില്‍ പരിശീലനത്തിന് ഫണ്ട് കണ്ടെത്തുക, ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികള്‍ പോകുന്നതിന്റെ കാരണം തേടുക തുടങ്ങിയ ആവശ്യങ്ങളോട് ചാന്‍സലര്‍ അനുകൂലമായാണ് പ്രതികരിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, സിന്‍ഡിക്കേറ്റ്, സെനറ്റംഗങ്ങള്‍, പഠനവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ചാന്‍സലര്‍ക്ക് ഉപഹാരമായി വൈസ് ചാന്‍സലര്‍ നല്‍കി.

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് സര്‍വകലാശാലാ ബജറ്റ്

വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്.
721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. പി.കെ. ഖലീമുദ്ധീനാണ് അവതരിപ്പിച്ചത്.
27.25 കോടി രൂപയുടെ പുതിയ പദ്ധതികളില്‍ ആയിരം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, സി.എച്ച്.എം.കെ. ലൈബ്രറിയുടെ നവീകരണം എന്നിവക്ക് 10 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. സംഗീതത്തിലെ എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുന്നതും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ മ്യൂസിക് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി, ചുറ്റുമതില്‍ നിര്‍മാണത്തിന് രണ്ട് കോടി, കാന്റീന്‍ അനുബന്ധസൗകര്യം എന്നിവക്ക് ഒരു കോടി, ഷൂട്ടിങ് റേഞ്ച്, സ്‌കേറ്റിങ് ട്രാക്ക് എന്നിവക്ക് ഒരു കോടി വീതം, ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സൗന്ദര്യവത്കരണത്തിന് 25 ലക്ഷം എന്നിങ്ങനെയാണ് നീക്കി വെച്ചിട്ടുള്ളത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ സര്‍വകലാശാലാ റീജണല്‍ സെന്ററുകളുടെ വികസനത്തിന് നാല് കോടി, അക്കാദമിക് ബ്ലോക്കിന് 10 കോടി, സ്റ്റാഫ്, അധ്യാപക ഫ്‌ളാറ്റിന് മൂന്ന് കോടി വീതം, മലബാര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് കേന്ദ്രത്തിന് 10 ലക്ഷം എന്നിവയടക്കം 26.2 കോടി രൂപയാണുള്ളത്.
ഏഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, 13 ഡിപ്ലോമ, 25630 യു.ജി., 1505 പി.ജി., രണ്ട് എം.ഫില്‍., 58 പി.എച്ച്.ഡി. എന്നിവയുള്‍പ്പെടെ 27214 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കി. പബ്ലിക് റിലേഷന്‍സ് മെച്ചപ്പെടുത്തുന്നതിനായി റേഡിയോ സി.യു., സുവേഗ എന്നിവയും പി.ആര്‍. വിങ്ങിന്റെ ഭാഗമാക്കും.

പരീക്ഷാഫലം

ഫൈനല്‍ എം.ബി.ബി.എസ്. ( 2008 പ്രവേശനം )പാര്‍ട്ട് II 2005 ജനുവരിയിലെ അഡീഷണല്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് – യു.ജി 2019 പ്രവേശന വര്‍ഷം) റഗുലര്‍/ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് ഏപ്രില്‍ മൂന്ന് വരെ വെബ്സൈറ്റില്‍ (www.uoc.ac.in) ലഭ്യമാണ്.
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് – യു.ജി 2019 പ്രവേശന വര്‍ഷം) റഗുലര്‍/ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (സി.സി.എസ്.എസ്. റഗുലര്‍ 2023 പ്രവേശന വര്‍ഷം) 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

നവംബര്‍ 2024 ല്‍ നടിയ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ (2021, 2022, 2023 അഡ്മിഷന്‍) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ-അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ് – യു.ജി 2019 – 2022 പ്രവേശന വര്‍ഷം) ബി.എ-മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് – യു.ജി 2020 – 2022 പ്രവേശന വര്‍ഷം) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ ഏപ്രില്‍ 2025, ബി.എ-മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് – യു.ജി) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (2019 പ്രവേശകര്‍ക്ക് മാത്രം) ഏപ്രില്‍ 2024 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.

കായിക ഗവേഷണപദ്ധതിയില്‍ സ്‌കൂളുകള്‍ക്ക് പങ്കാളികളാകാം

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ICSSR) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് കീഴില്‍ അനുവദിച്ചിട്ടുള്ള റിസര്‍ച്ച് പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്ന കായിക സാക്ഷരതാ പദ്ധതിയില്‍ ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ മാത്രം) സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ഏപ്രില്‍ 10-ന് മുമ്പായി സമ്മതപത്രം ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍, (ഡയറക്ടര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്) എന്ന മേല്‍ വിലാസത്തിലോ drsakeerdpe@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ മുന്‍ഗണന പ്രകാരമായിരിക്കും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് (നാലാം ക്ലാസ് വരെ) ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന കായിക സാക്ഷരതാ റിസര്‍ച്ചിന്റെ ഭാഗമാകാന്‍ സാധിക്കും. ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top