
വിശദീകരണക്കുറിപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. വിദ്യാര്‍ഥിനി സമര്‍പ്പിച്ച കരട് പ്രബന്ധവുമായി ബന്ധപ്പെട്ട് 22.04.2025 തീയതിയില്‍ നിയമപഠനവകുപ്പില്‍ നടന്ന സംഭവങ്ങളിലെ വിശദീകരണം.
സര്‍വകലാശാലാ നിയമ പഠനവകുപ്പിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പ്രബന്ധ സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് ഒരു വിദ്യാര്‍ഥിനി ആക്ഷേപമുന്നയിച്ചത്. സമര്‍പ്പിച്ച പ്രബന്ധത്തിന്റെ കോപ്പിയില്‍ ഗുരുതരമായ പാകപ്പിഴകള്‍ ഗൈഡ് കണ്ടെത്തുകയും എല്‍.എല്‍.എം. കോഴ്സിന്റെ അക്കാദമിക നിലവാരത്തിന് യോജിച്ച വിധത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഏറെ മുമ്പ് തന്നെ ഗൈഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ ഗൈഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനോ, ഗൈഡുമായി സഹകരിക്കാനോ പ്രസ്തുത വിദ്യാര്‍ഥിനി തയ്യാറായിരുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിക്കാതെ, വിദ്യാര്‍ഥിനി അച്ഛനുമൊത്ത് ഏപ്രില്‍ 21-ന് പഠനവകുപ്പിലെത്തുകയും പ്രബന്ധം തിരുത്തലുകള്‍ കൂടാതെ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ അധ്യാപകര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 22-ാം തീയതി ഉച്ചയോടെ വീണ്ടും പഠനവകുപ്പിലെത്തിയ വിദ്യാര്‍ഥിനിയും അച്ഛനും ഗൈഡിന് അവസാന അവസരം കൂടി പ്രബന്ധം സ്വീകരിക്കാന്‍ നല്‍കണമെന്ന് പറഞ്ഞ് ഭീഷണി തുടര്‍ന്നുകൊണ്ടിരുന്നു. വീഴ്ചകള്‍ പരിഹരിച്ച്, നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി സര്‍വകലാശാലയുടെ അനുമതിയോടെ പ്രബന്ധം സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി നല്‍കാമെന്ന് പറഞ്ഞെങ്കിലും, ഇതില്‍ തൃപ്തനാവാതെ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യയാ ഭീഷണി മുഴക്കുകയാണ് ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖം നിയമപഠനവകുപ്പിനെ സംബന്ധിച്ച് തീര്‍ത്തും അവാസ്തവവും കാലിക്കറ്റ് സര്‍വകലാശാലയെ പൊതുജന മധ്യത്തില്‍ കരിവാരി തേയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. സര്‍വകലാശാലയുടെ അക്കാദമിക നിലവാരം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഗൈഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടരെ തുടരെ അവഗണിക്കുകയും, പാകപ്പിഴവുകളോട് കൂടിയ പ്രബന്ധത്തിന് അനുമതി നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാഥിനിയുടെ നടപടികള്‍ കഴമ്പില്ലാത്തതും തീര്‍ത്തും അപലപനീയവുമാണ്. സർവകലാശാലയിൽ നിലനിൽ ക്കുന്ന പരാതി പരിഹാര സംവിധാനങ്ങൾ വിനിയോഗിക്കാനും വിദ്യാർഥിനി തയ്യാറായിട്ടില്ലെന്ന് നിയമപഠനവകുപ്പ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അനുശോചിച്ചു
പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ഐ.എസ്.ആര്‍.ഒ. ചെയര്‍മാനുമായിരുന്ന ഡോ. കസ്തൂരി രംഗന്റെ നിര്യാണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. ബഹിരാകാശ ഗവേഷണരംഗത്ത് ആഗോളതലത്തിൽ ഇന്ത്യ ആർജിച്ച പദവിക്ക് ഏറെ കാലം അദ്ദേഹം നേതൃത്വം നൽകി. ഉപഗ്രഹ വാർത്താ വിനിമയ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിന് നാം അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. രാജ്യസഭാംഗം ദേശീയ ആസൂത്രണ ബോർഡ് അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം സ്തുത്യർഹ സേവനം നൽകിയതായി വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 1. എസ്.എസ്.എല്‍.സി. അല്ലെങ്കിൽ തത്തുല്യം. 2. നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ താഴെ അല്ലാത്ത സൈനിക സേവനം. പ്രായം : 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ
2025 – 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പരീക്ഷയുടെ ( CU – CET 2025 ) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30-ന് വൈകീട്ട് അഞ്ചു മണിവരേക്ക് നീട്ടി. പ്രവേശന പരീക്ഷ മെയ് 14, 15, 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : DoA – 0494 2407016, 2407017, Suvega – 0494 2660600.
പരീക്ഷാഫലം
സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) അഞ്ചാം സെമസ്റ്റർ ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023, (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യം ( സ്പെഷ്യൽ ), പോസ്റ്റ് – അഫ്സൽ – ഉൽ – ഉലമ, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




