Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാലയില്‍ മികച്ച പങ്കാളിത്തം

HIGHLIGHTS : Calicut University News; Excellent participation in startup mission workshop in university

സര്‍വകലാശാലയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാലയില്‍ മികച്ച പങ്കാളിത്തം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക് (റിങ്ക്) പദ്ധതിയുടെ ഭാഗമായുള്ള ശില്പശാലയില്‍ പങ്കെടുക്കുന്നത് നൂറ് പേര്‍. ഗവേഷണാശയങ്ങളെ സമൂഹത്തില്‍ പ്രയോഗവത്കരിക്കുന്നതിനുള്ള പദ്ധതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സംരഭകര്‍ എന്നിവരാണുള്ളത്. മികവാര്‍ന്ന ആശയങ്ങളവതരിപ്പിക്കുന്നവര്‍ക്ക് ബൗദ്ധിക സ്വത്തവകാശം നേടല്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ റിങ്ക് നല്‍കും.  വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷന്‍ ജനറല്‍ മാനേജര്‍ പി.എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. മറ്റേത് സംസ്ഥാനത്തേക്കാളം ബിസിനസ് സൗഹൃദമാണ് കേരളമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. അമ്പതോളം സ്ഥാപനങ്ങള്‍ തുടങ്ങി വിജയകരമായ അനുഭവത്തില്‍ നിന്നാണ് ഇത് സാക്ഷ്യപ്പെടുത്തുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു. സംരഭങ്ങളില്‍ ചിലതെല്ലാം നഷ്ടമാകും. മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തിന്റെ നിരക്ക് തുല്യമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ മദ്രാസ് ഐ.ഐ.ടി. പ്രൊഫ. സത്യനാരായണന്‍ ആര്‍. ചക്രവര്‍ത്തി, സംരഭകന്‍ ജെയിംസ് ജോസഫ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസി. ജനറല്‍ മാനേജര്‍ ഡോ. പി.ആര്‍. ദീപു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ശില്പശാല സമാപനം.

sameeksha-malabarinews

തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ സമഗ്രവികസനത്തിന് പദ്ധതി
പ്രത്യേകം സിന്‍ഡിക്കേറ്റ് യോഗം ചേരും

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രമായ ജോണ്‍ മത്തായി സെന്ററിന്റെ സമഗ്ര വികസനത്തിന് പ്രത്യേകം പദ്ധതി ഒരുങ്ങുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ, ഇക്കണോമിക്സ് എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രത്തെ ഉന്നത നിലവാരത്തിലുള്ള മുഴുവന്‍ സമയ റസിഡന്‍ഷ്യല്‍ കാമ്പസാക്കി മാറ്റുകയാണ് ലക്ഷ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജോണ്‍ മത്തായി സെന്ററില്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഈ മാസം തന്നെ ചേരാന്‍ ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് കാമ്പസ് ഡേ ആഘോഷവും നടക്കും. സര്‍വകലാശാലയുടെ പഠനബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഡോ. എം. മനോഹരനാണ് ഇതിനുള്ള സമിതിയുടെ ചുമതല. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

പ്രധാന തീരുമാനങ്ങള്‍

നാക് ഗ്രേഡിംഗ് പരിശോധന പൂര്‍ത്തയാക്കിയ കാലിക്കറ്റിന് കീഴിലെ എല്ലാ കോളേജുകളേയും അനുമോദിക്കും.

സര്‍വകലാശാലയുടെ അക്കാദമിക് ആവശ്യങ്ങള്‍ക്കല്ലാതെ കാമ്പസ് ഭൂമി വിട്ടുനല്‍കാനുള്ള ഒരപേക്ഷയും പരിഗണിക്കില്ല.

ഇ.ഡബ്ല്യു.എസ്. വിഭാഗത്തിനായി 10 ശതമാനം ബി.എഡ്. സീറ്റുകള്‍ പ്രത്യേകമായി നല്‍കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ജില്ലാതല പരിശോധനാ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ന്യൂക്ലിയസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, റോയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയുടെ അംഗീകാരം പിന്‍വലിച്ചു.

പരീക്ഷാഭവന്‍ ആധുനികവത്കരണ ജോലികള്‍ വേഗത്തിലാക്കും.

കോളേജധ്യാപകരുടെ യു.ജി.സി. ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കും. വിരമിച്ച 69 അധ്യാപകര്‍ക്കും നിലവിലുള്ള 92 പേര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. 16-ന് ചേരുന്ന സെനറ്റ് യോഗത്തിന്റെ അജണ്ടകള്‍ അംഗീകരിച്ചു.

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് എസ്.സി., എസ്.ടി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 9-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. (ഓപ്പണ്‍ കോഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 28-നും നാലാം സെമസ്റ്റര്‍ ഡിസംബര്‍ 14-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ബയോ ടെക്‌നോളജി, നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷകളുടെയും ഫൈനല്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ടെക്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!