കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല
ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും.

ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കിലോമീറ്റര്‍ അകലെയുള്ള ചാലിയാര്‍ മുണ്ടുകുഴിയില്‍ നിന്നാണ് വെള്ളം കാമ്പസിലെത്തിക്കുക. വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ , പരപ്പനങ്ങാടി നഗരസഭ  എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പദ്ധതിയുടെ നേട്ടം. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. സര്‍വകലാശാലക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ജലഅതോററ്റി അംഗീകരിച്ചു. 33 മില്യന്‍ ലിറ്റര്‍ ശേഷിയുള്ള സംഭരണിയാണ് നിര്‍മിക്കുക. പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം തന്നെ 287 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. ജി. റിജുലാല്‍, ഇ. അബ്ദുറഹീം, സര്‍വകലാശാല എഞ്ചിനീയര്‍ വി.ആര്‍. അനില്‍ കുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, വാട്ടര്‍ അതോറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍, അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. റഷീദലി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിബിന്‍ അശോക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 15-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.

പരീക്ഷാ അപേക്ഷ

ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രണ്ട്, മൂന്ന് വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും എം.എ. എക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ക്ലാസ്സുകള്‍ 14-ന് തുടങ്ങും

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 14-ന് തുടങ്ങും.

Share news
error: Content is protected !!
Scroll to Top