Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ആറുദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

HIGHLIGHTS : ആറുദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ് ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവ...

ആറുദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവൃത്തി ദിവസം കൊണ്ട് പ്രസിദ്ധീകരിച്ച് റെക്കോഡ് നേട്ടവുമായി കാലിക്കറ്റ് സര്‍വകലാശാല. മെയ് 16-ന് ഫലം പ്രസിദ്ധീകരിച്ച ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ മെയ് 31 വരെ സമയം നല്‍കിയിരുന്നു. ബി.എ. വിഭാഗത്തില്‍ നിന്ന് 714 അപേക്ഷകളും, ബി.എസ് സി., ബി.കോം. എന്നിവയില്‍ നിന്നായി യഥാക്രമം 1957, 1544 എന്നിങ്ങനെയായി ആകെ 4215 അപേക്ഷകളാണ് ലഭിച്ചത്. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെ സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിനായി ഇവ അതിവേഗം കണ്ടെത്തി നല്‍കാനാകും. സര്‍വകലാശാലയിലെ മൂല്യനിര്‍ണയ കേന്ദ്രത്തില്‍ 100 അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ടുദിവസത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് പറഞ്ഞു. ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരീക്ഷാഭവന്‍ ജീവനക്കാരെയും അധ്യാപകരെയും അഭിനന്ദിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, അസി. രജിസ്ട്രാര്‍മാരായ ആര്‍.കെ. ജയകുമാര്‍, ചാള്‍സ് പി. ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഒളിമ്പിക് ദിനാചരണം

കാലിക്കറ്റ് സർവകലാശാലാ കായികപഠനവകുപ്പും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ദിനം ആചരിക്കുന്നു. ജൂൺ 19-ന് “മലപ്പുറം ജില്ലയും ഒളിമ്പിക്സും” എന്ന വിഷയത്തിൽ സെമിനാറും കോളേജ് വിദ്യാർഥികൾക്കും പ്ലസ്ടു വിദ്യാർഥികൾക്കുമായി കായിക രംഗവുമായി ബന്ധപ്പെട്ട് സ്പോർട്സ് ക്വിസും നടത്തും. പങ്കെടുക്കുന്ന കോളേജുകളും ഹൈസ്കൂളുകളും പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ ജൂൺ 12-നകം സർവകലാശാലാ കായിക പഠനവകുപ്പിൽ എത്തിക്കേണ്ടതാണ്. ഒരു സ്ഥാപനത്തിൽ നിന്ന് 2 പേർ വീതമാണ് പങ്കെടുക്കേണ്ടത്. ക്വിസ് വിജയികൾക്ക് പ്രൈസ് മണിയും ഉപഹാരങ്ങളും ഉണ്ടായിരിക്കും. ഒളിമ്പിക് ദിനമായ ജൂൺ 23-ന് മലപ്പുറത്ത് ഒളിമ്പിക് റൺ നടത്തും.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കാലിക്കറ്റ് സർവകലാശയുടെ കീഴിലുള്ള സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ്, പാലക്കാട് സെന്ററിൽ 2024 – 25-ൽ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് യു.ജി.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ബി.എയും നെറ്റും (ഇൻ മാനേജ്‌മന്റ്) അല്ലെങ്കിൽ എം.കോമും നെറ്റും (ഇൻ കോമേഴസ്) അല്ലെങ്കിൽ സി.എ. / സി.എം.എ. / സി.എസ്. അല്ലെങ്കിൽ എൽ.എൽ.ബി. താല്പര്യമുള്ളവർ യോഗ്യതയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 18-ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ smspalakkad@gmail.com എന്ന മെയിൽ വഴിയോ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0491-2571863.

ബിരുദ പ്രവേശനം: അപേക്ഷ 10 വരേക്ക് നീട്ടി

2024 – 25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 10-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ണമാകൂ. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/.

നാലു വർഷ ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്. / എം.പി.എഡ്.: കായികക്ഷമതാ പരീക്ഷ

2024 – 25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലേക്കുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., എം.പി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ (CUCAT 2024-ന്റെ ഭാഗമായി) യഥാക്രമം ജൂൺ 12 മുതൽ 13 വരെയും 25 മുതൽ 26 വരെയും കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ (കൈവശമുള്ളവർ), സ്പോർട്സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30-ന് ,മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2407016, 2407017.

ടോക്കൺ രജിസ്‌ട്രേഷൻ

വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2021 പ്രവേശനം പരീക്ഷാർത്ഥികൾക്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമായ ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് എട്ടാം തീയതി മുതൽ ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഫീസ്: 2,980/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

സംസ്‌കൃതം വാചാ പരീക്ഷ

എം.എ. സംസ്‌കൃതം ജനറൽ 2022 പ്രവേശനം അവസാന സെമസ്റ്റർ വിദ്യാർഥികൾക്കായുള്ള വാചാ പരീക്ഷ 10-ന് രാവിലെ 10.00 മണിക്ക് സംസ്‌കൃത വിഭാഗത്തിൽ വച്ച് നടക്കും.

പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) മൂന്ന്, അഞ്ച് സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം ജൂലൈ  ഒന്ന്, രണ്ട് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. ( CCSS-UG ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

ഒന്നു മുതൽ മൂന്നു വരെ വർഷ ബി.ബി.എ. ( എസ്.ഡി.ഇ. / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓഫ്‌ലൈനായും ആൽഫാ ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓൺലൈനായുമാണ് അപേക്ഷിക്കേണ്ടത്. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾക്കുള്ള അപേക്ഷാ ഫോം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., എ.എഫ്.യു. (CBCSS 2019 മുതൽ 2021 വരെ പ്രവേശനം & CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബികോം., ബി.ബി.എ., ബി.കോം. ഹോണേഴ്‌സ് (CBCSS-UG 2019 പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!